ഇന്ത്യയില്‍ നമ്പര്‍ 1! റിലീസിന്‍റെ ഏഴാം ദിനം റെക്കോര്‍ഡ് നേട്ടവുമായി ആസിഫ് അലി ചിത്രം
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം
ഓണം റിലീസ് ആയെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം. ഫെസ്റ്റിവല്‍ സീസണില്‍ എത്തുന്ന ചിത്രങ്ങള്‍ ഇങ്ങനെ ആയിരിക്കണമെന്ന മുന്‍ധാരണകളെ കാറ്റില്‍ പറത്തിയാണ് കിഷ്കിന്ധാ കാണ്ഡത്തിന്‍റെ മുന്നേറ്റം. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആദ്യദിനം മുതല്‍ ലഭിച്ച വലിയ മൌത്ത് പബ്ലിസിറ്റിയിലാണ് ഓരോ ദിനവും ആളെ കൂട്ടുന്നത്. ഇപ്പോഴിതാ എടുത്തുപറയത്തക്ക ഒരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം.
പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ സിനിമയായിരിക്കുകയാണ് കിഷ്കിന്ധാ കാണ്ഡം. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ബുക്കിംഗില്‍ കിഷ്കിന്ധ ഒന്നാമത് എത്തിയിരിക്കുന്നത്. അവസാന 24 മണിക്കൂറില്‍ 90,000 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പ്രവര്‍ത്തി ദിനമായ ബുധനാഴ്ചത്തെ കണക്കാണ് ഇത് എന്നതിനാല്‍ എടുത്തുപറയത്തക്ക നേട്ടവുമാണ്. അതേസമയം ഈ വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ ചിത്രം വലിയ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ബാഹുല്‍ രമേശിന്‍റേതാണ് ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും. ഛായാഗ്രാഹകനായി നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള ബാഹുല്‍ രമേശിന്‍റെ ആദ്യ തിരക്കഥയാണിത്. ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരാള്‍ വിജയരാഘവനാണ്. അപര്‍ണ ബാലമുരളിയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.