'ലിയോ' ഹൈപ്പില്‍ ഡികാപ്രിയോയും വഴിമാറി; 'കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍' റിലീസില്‍ തീരുമാനമെടുത്ത് ഐമാക്സ്
മാര്‍ട്ടിന്‍ സ്കോര്‍സസെയുടെ സംവിധാനത്തിലെത്തുന്ന ഹോളിവുഡ് ചിത്രമാണ് കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍
തെന്നിന്ത്യന്‍ സിനിമയില്‍ വിജയ് ചിത്രം ലിയോയ്ക്ക് ലഭിക്കുന്നതുപോലെ ഒരു പ്രീ റിലീസ് ഹൈപ്പ് അടുത്ത കാലത്തൊന്നും മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ സിനിമയുടെ ആകെ കാര്യമെടുത്താലും ഒരുപക്ഷേ ഷാരൂഖ് ഖാന്‍റെ പഠാന്‍ മാത്രമായിരിക്കും ഇതിന് സമാനമായ രീതിയില്‍ ഹൈപ്പ് നേടിയത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെത്തന്നെ കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ഓപണിംഗ് റെക്കോര്‍ഡുകള്‍ തിരുത്തിക്കഴിഞ്ഞു ചിത്രം. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം ഈ ചിത്രത്തിന് കൊടുക്കുന്ന പ്രാധാന്യം എന്താണെന്നതിന് മറ്റൊരു തെളിവ് കൂടി ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
ലിയനാര്‍ഡോ ഡികാപ്രിയോയും റോബര്‍ട്ട് ഡി നീറോയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, മാര്‍ട്ടിന്‍ സ്കോര്‍സസെയുടെ സംവിധാനത്തിലെത്തുന്ന ഹോളിവുഡ് ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണിന്‍റെ ഇന്ത്യയിലെ ഐമാക്സ് റിലീസ് തീയതിയിലാണ് മാറ്റം വന്നിരിക്കുന്നത്. ഒക്ടോബര്‍ 20 ന് തങ്ങളുടെ സ്ക്രീനുകളില്‍ കാണാമെന്ന് ഐമാക്സ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്ന ചിത്രമാണിത്. ഇത് ഒരാഴ്ച നീട്ടി, ഒക്ടോബര്‍ 27 ലേക്ക് ആക്കിയിരിക്കുകയാണ് ഐമാക്സ് ഇന്ത്യ. ഇതിന് കാരണം ലിയോയ്ക്ക് ലഭിച്ചിരിക്കുന്ന വമ്പന്‍ ഹൈപ്പ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണിന്‍റെ ഇന്ത്യയിലെ ഐമാക്സ് റിലീസ് നീട്ടിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഐമാക്സ് ഇന്ത്യ വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയേലിന്‍റെ എക്സ് പോസ്റ്റില്‍ ലിയോയെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്.
ഐ മാക്സ് ഫോര്‍മാറ്റിലും റിലീസിന് എത്തുന്ന ചിത്രമാണ് ലിയോ. നിലവില്‍ 23 ഐമാക്സ് സ്ക്രീനുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഐമാക്സ് ക്യാമറയില്‍ ചിത്രീകരിച്ച സിനിമയല്ല ലിയോ. മറിച്ച് സാധാരണ ക്യാമറയില്‍ ഷൂട്ട് ചെയ്ത ശേഷം ഐമാക്സ് സാങ്കേതികതയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ലോകേഷിന്‍റെ അടുത്ത ചിത്രം, രജനികാന്ത് നായകനാവുന്ന തലൈവര്‍ 171 ലെ പ്രധാനപ്പെട്ട സീക്വന്‍സുകള്‍ ഐമാക്സ് ക്യാമറയില്‍ ചിത്രീകരിക്കാനാണ് ലോകേഷിന്‍റെ തീരുമാനം.