KGF 2 : 'കെജിഎഫ് 2' ഐമാക്സിലും; ഒരു കന്നഡ ചിത്രം ആദ്യമായി

ലോകമാകമാനം ഈ മാസം 14ന് തിയറ്ററുകളില്‍

kgf 2 imax release first time a kannada movie yash prashanth neel

മുഖ്യധാരാ കന്നഡ സിനിമയ്ക്ക് ആദ്യമായി രാജ്യം മുഴുവന്‍ പ്രേക്ഷകപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു യുവതാരം യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ്. ചിത്രത്തിന്‍റെ ഏറെ കാത്തിരിപ്പുയര്‍ത്തിയ രണ്ടാം ഭാഗം കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണ്. ഇപ്പോഴിതാ ഭാഷാഭേദമന്യെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കെജിഎഫ് 2 (KGF 2) ഈ മാസം 14 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് അണിയറക്കാര്‍ നല്‍കുന്നത്. പബ്ലിസിറ്റി ഒന്നുമില്ലാതെതന്നെ വന്‍ ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രവുമാണിത്. ചിത്രത്തിന്‍റെ ഓരോ പുതിയ അപ്ഡേറ്റിനും ആരാധകരുടെ ഉത്സാഹത്തോടെയുള്ള പ്രതികരണങ്ങളുമുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്യും എന്നതാണ് അത്.

ലോകത്തിലെ ഏറ്റവും ഇമ്മേഴ്സീവ് ആയ സിനിമാനുഭവം പകരുന്നുവെന്ന് അവകാശപ്പെടുന്ന ഐമാക്സ് സാധാരണയിലും കവിഞ്ഞ ആസ്പെക്റ്റ് റേഷ്യോയില്‍ പ്രൊജക്ഷന്‍ നല്‍കുന്ന സംവിധാനമാണ്. 1:43:1, 1:90:1 എന്നിങ്ങനെയുള്ള ആസ്പെക്റ്റ് റേഷ്യോകളും സ്റ്റേഡിയം സീറ്റിംഗും ഒക്കെ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേകം തിയറ്ററുകളിലാണ് ഐമാക്സ് സ്ക്രീനിംഗ് നടക്കുക. ഹോളിവുഡിലെ പ്രധാന പ്രോജക്റ്റുകള്‍ക്കൊക്കെ ഐമാക്സ് റിലീസ് ഇപ്പോള്‍ സാധാരണമാണ്. ഇന്ത്യന്‍ സിനിമയിലും ചില ശ്രദ്ധേയ ചിത്രങ്ങള്‍ നിലവില്‍ ഐമാക്സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്നുണ്ട്. രാജമൗലിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ആര്‍ആര്‍ആര്‍ ആണ് ഏറ്റവുമൊടുവില്‍ ഐമാക്സില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രം. കെജിഎഫ് 2 അണിയറക്കാര്‍ ഏറെ ആവേശത്തോടെയാണ് ഐമാക്സ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ കന്നഡ ചിത്രവുമാവും കെജിഎഫ് 2. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തും എന്നതും പ്രത്യേകതയാണ്. 13നാണ് ഐമാക്സ് റിലീസ്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

Latest Videos
Follow Us:
Download App:
  • android
  • ios