'ബി ലൈക്ക് ചേട്ടന്‍സ്'; മലയാളികളുടെ 'ലിയോ' ആഘോഷം ഏറ്റെടുത്ത് തമിഴ്നാട്ടിലെ വിജയ് ആരാധകരും
കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി അടക്കം സംഘടിപ്പിച്ചിരുന്നു വിജയ് ആരാധകര്‍
തമിഴ് സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും പ്രധാന റിലീസ് ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോയ്ക്ക് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്നതും എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ ഇത് എന്നതുമൊക്കെ അതിന് കാരണങ്ങളാണ്. അതേസമയം മാസങ്ങളായുള്ള കാത്തിരിപ്പ് ക്ലൈമാക്സിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍, വിശേഷിച്ച് വിജയ് ആരാധകര്‍. തിയറ്ററുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ള തമിഴ്നാടിനേക്കാള്‍ ലിയോയുടെ റിലീസ് വിജയ് ആരാധകര്‍ ആഘോഷിച്ചത് കേരളത്തിലാണ്.
കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി അടക്കം സംഘടിപ്പിച്ചിരുന്നു വിജയ് ആരാധകര്‍. ഇത്തരം പരിപാടികളിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക് ആയിരുന്നു. ഇതിന്‍റെ വീഡിയോകള്‍ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കാര്യമായി പ്രചരിക്കുന്നുമുണ്ട്. കേരളത്തില്‍ നിന്നുള്ള ലിയോ പ്രീ റിലീസ് ആഘോഷ വീഡിയോകളുടെ താഴെ കമന്‍റുമായി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകരാണ്. തങ്ങള്‍ക്ക് ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്ന നിരാശ പങ്കുവെക്കുന്നവര്‍ മലയാളികളുടെ ആഘോഷത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുമുണ്ട്. ബി ലൈക്ക് ചേട്ടന്‍സ് എന്നത് ഒരു ടാഗ് പോലെ ഈ വീഡിയോകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.
കേരളത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ലിയോ പ്രീ റിലീസ് ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കില്‍ തമിഴ്നാട്ടില്‍ ഇന്നലെ വൈകിട്ടാണ് അത് തുടങ്ങിയത്. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ക്കും തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള ആരാധക ആഘോഷങ്ങള്‍ക്കുമൊക്കെ തമിഴ്നാട്ടില്‍ നിയന്ത്രണം വന്നത് ഈ വര്‍ഷം ജനുവരിയിലാണ്. അജിത്ത് കുമാറിന്‍റെ തുനിവ് റിലീസ് ദിനത്തില്‍ ഒരു സിനിമാസ്വാദകന്‍ തിയറ്ററിന് പുറത്ത് മരിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. അതേസമയം കേരളത്തില്‍ റിലീസിംഗ് സ്ക്രീനുകളിലും പ്രീ റിലീസ് ബുക്കിംഗിലും ലിയോ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക