കേരളാ സ്റ്റോറി വിവാദം: സിനിമ കേരളത്തിൽ നിരോധിക്കേണ്ടതില്ലെന്ന നിലപാടുമായി ശശി തരൂർ
കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം ആവശ്യപ്പെട്ടിരുന്നത്
തിരുവനന്തപുരം: വിവാദ സിനിമ കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി. കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്.
Read More: 'ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. 32000 പേർ കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐ എസിലേക്ക് പോയെന്ന വിദ്വേഷ പ്രചാരണം നടത്തുന്നവർ ആരോപണത്തിന് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് ജെനറൽ സെക്രട്ടറി പികെ ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു. വർഗീയ കലാപം ഉണ്ടാക്കാനുള്ള അജണ്ടയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
എന്നാൽ 32000 അല്ല, അതിലധികം ആണ് കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണമെന്നാണ് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമയുണ്ടാക്കിയതെന്നും സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാർ വിമർശിക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ സിനിമാ വിവാദത്തിൽ ഒരു കോടി നൽകുമെന്ന് ചലഞ്ച് പ്രഖ്യാപിച്ച യൂത്ത് ലീഗ് സംസ്ഥാന സർക്കാരിനെക്കൂടി പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നത്. ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ അനുവാദം നൽകരുതെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് കെ മുരളീധരനാകട്ടെ കക്കുകളി നാടകവും അനുവദിക്കരുതെന്നും പറഞ്ഞു. കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാനുളള അജണ്ടയാണ് ആർഎസ്എസ് നടത്തുന്നത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.