ആരാണീ 'ഷിജു, പാറയില്‍ വീട്'? മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് സ്ട്രീമിംഗ് തുടങ്ങി
ലാലും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങള്‍
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ആദ്യ ഒറിജിനല്‍ സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ആദ്യ സീസണ്‍ സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ള സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ആദ്യ സീസണിന്‍റെ പേര്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് സിരീസിലെ ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഹമ്മദ് കബീര്‍.
ആദ്യ സീസണിന്‍റെ ട്രെയ്‍ലര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയില്‍ വച്ച് മോഹന്‍ലാല്‍ ആണ് പുറത്തിറക്കിയത്. ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി ലിസ്റ്റിലും ഇടംപിടിച്ചിരുന്നു ആദ്യ സീസണ്‍. ഐഎംഡിബിയുടെ പ്രേക്ഷകര്‍ ഏറ്റുമധികം കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ലിസ്റ്റിലാണ് കേരള ക്രൈം ഫയല്‍സ് ഇടംപിടിച്ചത്. തിരക്കഥ ആഷിഖ് അയ്മര്‍, ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍.
ALSO READ : 'കപ്പ് കിട്ടുമോ' എന്ന് അഖിലിന്‍റെ ചോദ്യം; ഭാര്യ ലക്ഷ്‍മിയുടെ മറുപടി
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ