കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് പ്രചരണം, പ്രതികരിച്ച് നടിയുടെ അച്ഛൻ
നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് ജി സുരേഷ് കുമാര്‍.
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പുകളുണ്ടായിട്ടുണ്ട്. തെന്നിന്ത്യയില്‍ ഇപ്പോഴത്തെ ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീര്‍ത്തി സുരേഷും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നതാണ് ഒടുവില്‍ പ്രചരിച്ച റിപ്പോര്‍ട്ട്. വിവാഹ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. യാതൊരു സത്യവും ഇല്ലാത്ത ഒരു വാര്‍ത്തയാണ് അതെന്ന് ജി സുരേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഒരു വ്യവസായിയുമായി കീര്‍ത്തി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും നടി അത് നിഷേധിച്ച് എത്തിയിരുന്നു.
വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് ഗോസിപ്പ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും കുറച്ച് ആയുസേ ഗോസിപ്പിനുണ്ടായിരുന്നുള്ളൂ.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകൻ അറ്റ്‍ലിയുടെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും.
Read More: ഷക്കീലയ്‍ക്ക് പിന്തുണയില്ല, ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തേയ്‍ക്കോ?, നോമിനേഷൻ പട്ടികയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക