'എന്നാടാ പണ്ണി വെച്ചിറുക്കെ' : ഒടിടി റിലീസിന് പിന്നാലെ ട്രെന്‍റിംഗ്, ഞെട്ടി അന്യഭാഷക്കാര്‍.!
മമ്മൂട്ടിയെ പോലൊരു സൂപ്പർ സ്റ്റാർ ഇത്തരമൊരു കഥാപാത്രം ചെയ്തു എന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ മലയാളികള്‍ അല്ലാത്തവര്‍ ആശ്ചര്യത്തോടെയാണ് കാണുന്നതെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
കൊച്ചി: മമ്മൂട്ടി നായകനായി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദ കോർ' അടുത്തിടെയാണ് ഒടിടി റിലീസായത്. കേരളത്തില്‍ അടക്കം മികച്ച ബോക്സോഫീസ് വിജയത്തിന് ശേഷമാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. 'കാതൽ ദ കോർ'. സ്വവർഗാനുരാഗികളുടെയും ചുറ്റുമുള്ളവരുടെയും കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടി അടക്കമുള്ള അഭിനയത്തിനും ചിത്രത്തിന്‍റെ പ്രമേയത്തിനും വലിയ കൈയ്യടിയാണ് ഓണ്‍ലൈന്‍ റിലീസിന് ശേഷം ലഭിക്കുന്നത്.
മമ്മൂട്ടിയെ പോലൊരു സൂപ്പർ സ്റ്റാർ ഇത്തരമൊരു കഥാപാത്രം ചെയ്തു എന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ മലയാളികള്‍ അല്ലാത്തവര്‍ ആശ്ചര്യത്തോടെയാണ് കാണുന്നതെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. എക്സ് പ്ലാറ്റ്ഫോമില്‍ എന്‍റര്‍ടെയ്മെന്‍റില്‍ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇപ്പോള്‍ കാതലാണ്. പ്രധാനമായും മലയാളികള്‍ അല്ലാത്തവര്‍ കാതലിനെ പുകഴ്ത്തുകയാണ്.
തമിഴ്നാട് സ്വദേശിയായ ശ്രീ കൃഷ്ണ എക്സില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു "എന്റെ അമ്മ കാതൽ ദ കോർ കണ്ടെന്നെ വിളിച്ചു. ഏതാനും നിമിഷങ്ങൾ ആശ്വസിപ്പിക്കാനാകാത്ത വിധമായിരുന്നു അവർ. ശേഷം പൊട്ടിക്കരഞ്ഞു. എന്നിട്ട് പറഞ്ഞു "അച്ഛൻ മാത്യുവിനോട് ചെയ്ത തെറ്റ് ഞാൻ ചെയ്യില്ല"..അതാണ് ശരിക്കും പ്രധാനം. ഈ സിനിമ എന്റെ അമ്മയ്ക്ക് മനസ്സിലാക്കി കൊടുത്തു. ജിയോ ബേബി ഒരുപാട് നന്ദി", എന്നാണ് ഇയാൾ കുറിച്ചത്. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളും പിന്തുണയുമായും രംഗത്ത് എത്തിയത്.
എന്തൊരു ധൈര്യമുള്ള സിനിമയാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഒരു സൂപ്പര്‍താരവും ചെയ്യാത്ത ശ്രമം എന്നാണ് ഒരു എക്സ് പോസ്റ്റില്‍ പറയുന്നത്. ഈ വര്‍ഷത്തെ ആറ് ദിവസം മാത്രമാണ് കഴിഞ്ഞിരിക്കുന്നത് ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമ ഞാന്‍ കണ്ടു എന്നാണ് മറ്റൊരു എക്സ് ഉപയോക്താവ് എഴുതുന്നത്. 72 വയസ്സുള്ള ഒരു മലയാളം സൂപ്പർ സ്റ്റാർ ഒരു സ്വവര്‍ഗ്ഗ അനുരാഗിയായി അഭിനയിക്കുക മാത്രമല്ല ചെയ്തത്. അതിനെ അംഗീകരിക്കുകയും ചെയ്യുന്ന ധീരമായ സിനിമ നിർമ്മിക്കുകയും ചെയ്യുന്നു. ധീരമായ നടപടി എന്നാണ് ഒരാള്‍ പോസ്റ്റിട്ടത്.
ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് കാതല്‍ ദ കോര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചത്. തിയറ്ററുകളില്‍ അന്‍പത് ദിവസത്തിലേറെ പൂര്‍ത്തിയാക്കിയ കാതല്‍, ഒടിടിയില്‍ എത്തുക ആയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്.
സല്ലുഭായിയുടെ ടൈഗര്‍ 3 ഒടിടി റിലീസായി: എവിടെ കാണാം, എല്ലാം അറിയാം