'മമ്മൂട്ടി സാര്‍ ഗംഭീരം'; നന്‍പകലിനെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്
തമിഴ്നാട് കേവലമായ ഒരു ലൊക്കേഷന്‍ മാത്രമല്ല ചിത്രത്തില്‍. മറിച്ച് ചിത്രത്തിന്‍റെ ആഖ്യാനത്തില്‍ ഏറെ പ്രാധാന്യമുണ്ട് അതിന്
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ആദ്യമായി എത്തുന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ ആയിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. തമിഴ്നാട്ടില്‍ മുഴുവന്‍ ചിത്രീകരണവും നടന്ന സിനിമയുടെ തമിഴ്നാട് റിലീസ് ഇന്നലെ ആയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് തമിഴ്നാട് റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
ചിത്രത്തിന്‍റെ തമിഴ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളിലാണ് കാര്‍ത്തിക്കിന്‍റെ വിലയിരുത്തല്‍. "നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍", എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്‍റെ ട്വീറ്റ്.
തമിഴ്നാട് കേവലമായ ഒരു ലൊക്കേഷന്‍ മാത്രമല്ല ചിത്രത്തില്‍. മറിച്ച് ചിത്രത്തിന്‍റെ ആഖ്യാനത്തില്‍ ഏറെ പ്രാധാന്യമുണ്ട് അതിന്. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
ALSO READ : 'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം