കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമോ?, 'വിരുമൻ' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്
കാര്‍ത്തി നായകനായ പുതിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വിരുമൻ'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'വിരുമൻ' എന്ന ചിത്രത്തിന്റെ രണ്ട് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
വിരുമൻ ആദ്യ ദിവസ 8.2 കോടി രൂപയാണ് നേടിയത്. രണ്ട് ദിവസത്തെ കണക്ക് എടുക്കുമ്പോള്‍ 16.65 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്ന. ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്നാണ് സൂചനകള്‍. കാര്‍ത്തിയുടെ പുതിയ ചിത്രത്തിന് തിയറ്ററുകളില്‍ വൻ വരവേല്‍പാണ് ലഭിക്കുന്നത്.
സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു.
എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതിഥി ഷങ്കറാണ് നായിക. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രമാണ് 'വിരുമൻ'. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.
കാര്‍ത്തി നായകനായി റിലീസിന് തയ്യാറായിരിക്കുന്ന മറ്റൊരു ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സര്‍ദാറി'ന്റെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ്(തമിഴ്‍നാട്ടിലെ തിയറ്റര്‍ റൈറ്റ്‍സ്). ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജിയാന്റ് മൂവീസും കൈകോര്‍ക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും.
ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.
റാഷി ഖന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സര്‍ദാര്‍'. വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read More : 'പാല്‍തു ജാന്‍വറു'മായി ബേസില്‍ ജോസഫ്, പ്രൊമോ ഗാനം