'കരിക്ക്' താരം ശ്രുതി വിവാഹിതയായി; വരന്‍ 'പാല്‍തു ജാന്‍വര്‍' സംവിധായകന്‍
'പാല്‍തു ജാന്‍വറി'ലെ നായികയെ അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു
യുട്യൂബിലെ ജനപ്രിയ കണ്ടന്‍റ് പ്ലാറ്റ്ഫോം കരിക്കിലൂടെയെത്തി ആസ്വാദകശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന്‍ ആണ് വരന്‍. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
കരിക്കിന്‍റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്സ് തുടങ്ങിയ മിനി സിരീസുകളിലൂടെയാണ് ശ്രുതി പ്രേക്ഷകശ്രദ്ധ നേടുന്നത്. ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാന്‍ഡന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീതിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം പാല്‍തു ജാന്‍വറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി ആയിരുന്നു. ഓണം റിലീസ് ആയി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
അതേസമയം അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് പി രാജന്‍ ആദ്യ ചിത്രവുമായി എത്തിയത്. ആദ്യചിത്രം തന്നെ ഭാവനാ സ്റ്റുഡിയോസ് എന്ന വലിയ ബാനറില്‍ ഒരുക്കാനായി എന്നത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ സംയുക്ത നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.
അതേസമയം ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് പാല്‍തു ജാന്‍വറിലെ മറ്റു താരങ്ങള്‍. മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.