റിലീസ് 121 സ്ക്രീനുകളില്‍, രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിലേക്ക്; കേരളത്തിലും 'കാന്താര' തരംഗം
ഒക്ടോബര്‍ 20 ന് ആയിരുന്നു കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്.
കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം കന്നഡ സിനിമയ്ക്ക് അഭിമാനമാവുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. കന്നഡ പതിപ്പ് രാജ്യത്തുടനീളം റിലീസ് ചെയ്‍തിരുന്നു. കര്‍ണാടകത്തില്‍ സൂപ്പര്‍ഹിറ്റ് ആയ ചിത്രം മറ്റു സംസ്ഥാനങ്ങളിലും പതിയെ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയമായതോടെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളെല്ലാം പിന്നാലെയെത്തി. ചിത്രത്തിന്‍റെ മലയാളം പതിപ്പ് തിയറ്ററുകളില്‍ എത്തിയത് ഒക്ടോബര്‍ 20 ന് ആയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. വന്‍ പ്രേക്ഷകപ്രീതി നേടിയതോടെ രണ്ടാം വാരം സ്ക്രീന്‍ കൌണ്ട് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കാന്താര.
ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് റിഷഭ് ഷെട്ടി ചിത്രം. മൊഴിമാറ്റ പതിപ്പുകളും പ്രേക്ഷകപ്രീതിയില്‍ മുന്നേറിയതോടെ ബോക്സ് ഓഫീസിലും ചിത്രം വരും വാരങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ALSO READ : 'ദൃശ്യം 2' ന് മുന്‍പെത്തിയ അജയ് ദേവ്ഗണ് ചിത്രം; 'താങ്ക് ഗോഡ്' ഇതുവരെ നേടിയത്
മറുഭാഷകളില്‍ നിന്ന് സമീപകാലത്ത് ഇറങ്ങിയ പല പാന്‍ ഇന്ത്യന്‍ ചിത്രങ്ങളും കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. കെജിഎഫ് 2, വിക്രം എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. ആ നിരയിലേക്ക് കാന്താര ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കരുതുന്നത്.