'ഷമ്മി'യെ പോലെ പാന്‍ ഇന്ത്യന്‍ ആവുമോ 'ജോര്‍ജ് മാര്‍ട്ടിന്‍'? ആദ്യ സൂചനകള്‍ ഇങ്ങനെ
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു
കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ നേടിയ ജനകീയത മലയാള സിനിമയ്ക്കും ഇവിടുത്തെ താരങ്ങള്‍ക്കും വലിയ റീച്ച് ആണ് നേടിക്കൊടുത്തത്. ഒടിടിയിലൂടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് ഏറ്റവുമധികം എത്തിപ്പെട്ട താരം ഫഹദ് ഫാസില്‍ ആയിരുന്നു. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍ എത്തിയ കുമ്പളങ്ങി നൈറ്റ്സ് ആണ് ഫഹദിന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആദ്യമായി ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് മറുഭാഷകളിലേക്കുള്ള അവസരങ്ങളിലേക്ക് പോലും ഫഹദിന് വഴി തുറന്നതില്‍ അദ്ദേഹത്തിന്‍റെ ഒടിടി റിലീസുകള്‍ക്ക് പങ്കുണ്ടായിരുന്നു. അത്രയധികം സ്വീകാര്യതയാണ് കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്‍റെ ഷമ്മി നേടിയത്.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം മിന്നല്‍ മുരളി (ഡയറക്റ്റ് ഒടിടി) അടക്കമുള്ള പല ചിത്രങ്ങളും മലയാളത്തില്‍ നിന്ന് ഒടിടിയിലെത്തി പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഷമ്മിയ്ക്ക് ലഭിച്ചതുപോലെ ഒരു സ്വീകാര്യത മറ്റൊരു കഥാപാത്രത്തിനും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രവും ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസിലൂടെ മലയാളികള്‍ക്ക് പുറത്തുള്ള പ്രേക്ഷകരിലേക്കും എത്തിരിയിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് ആണ് അത്.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ചിത്രം മലയാളികളായ പ്രേക്ഷകര്‍ക്ക് പുറത്തേക്കും എത്തി എന്നതിന്‍റെ തെളിവായിരുന്നു ആദ്യദിനം എക്സില്‍ എത്തിയ റിവ്യൂസ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ എക്സില്‍ കണ്ണൂര്‍ സ്ക്വാഡ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. 22,000 ല്‍ ഏറെ പോസ്റ്റുകളാണ് ഈ ഹാഷ് ടാഗില്‍ എക്സില്‍ എത്തിയിരിക്കുന്നത്. ഇതില്‍ മലയാളികളുടെ പോസ്റ്റുകള്‍ വളരെ കുറവാണ്. ചിത്രത്തിന്‍റെ അവതരണം, ആക്ഷന്‍ സീക്വന്‍സുകള്‍, സുഷിന്‍ ശ്യാമിന്‍റെ സംഗീതം എന്നിവയ്ക്കെല്ലാമൊപ്പം മമ്മൂട്ടിയുടെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിക്കുന്നത്. പ്രായത്തെ വെറുമൊരു സംഖ്യ മാത്രമാക്കുന്ന പ്രകടനമാണ് മമ്മൂട്ടിയുടേതെന്ന് പറയുന്ന പ്രേക്ഷകര്‍ മമ്മൂട്ടി കമ്പനിയിലുള്ള വര്‍ധിക്കുന്ന വിശ്വാസത്തെക്കുറിച്ചും കുറിക്കുന്നുണ്ട്.
അതേസമയം മലയാളികളല്ലാത്ത പ്രേക്ഷകരില്‍ ഏറ്റവുമധികം കമന്‍റുകളുമായി എത്തിയിരിക്കുന്നത് തമിഴ്, തെലുങ്ക് പ്രേക്ഷകരാണ്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ചിത്രം എങ്ങനെ സ്വീകരിക്കും എന്നതും കൌതുകമുണര്‍ത്തുന്ന കാര്യമാണ്. 50 ദിവസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. 82 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. മറ്റ് ബിസിനസുകളും ചേര്‍ത്ത് 100 കോടി നേടിയിരുന്നു ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക