'ഷൂട്ടിനിടയിൽ ഗുണ്ടകൾ വന്നു, അവർക്ക് മമ്മൂട്ടി സാറിനെ കാണണം, പിന്നീട് നടന്നത്..'; റോബി പറയുന്നു
ചില സ്ഥലങ്ങളിൽ പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് റോബി പറയുന്നു.
മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ്. പേര് റോബി വർഗീസ് രാജ്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ തുടക്കക്കാരൻ എന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും വിജയവുമാണ് റോബി സ്വന്തമാക്കുന്നത്. ഈ അവസരത്തിൽ കണ്ണൂർ സ്ക്വാഡിന്റെ ചിത്രീകരണ വേളയിൽ ഉണ്ടായൊരു അനുഭവം പങ്കുവയ്ക്കുക ആണ് റോബി.
ചില സ്ഥലങ്ങളിൽ പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് റോബി പറയുന്നു. ഒരുദിവസം ലോക്കൽ ഗുണ്ടകൾ സെറ്റിൽ കയറി വന്നെന്നും അവരുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നു എന്നും റോബി പറഞ്ഞു. ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
റോബി വർഗീസ് രാജിന്റെ വാക്കുകൾ ഇങ്ങനെ
ചില സ്ഥലങ്ങളിൽ ഞങ്ങൾ പെട്ട് പോയിട്ടുണ്ട്. ഒരു ചെറിയ ലോക്കൽ സ്ട്രീറ്റിൽ പെട്ടു പോയിട്ടുണ്ട്. ലോക്കൽ ഗുണ്ടകൾ വന്നിട്ടുണ്ട്. നമ്മുടെ ചീഫ് അസോസിയേറ്റ് ജിബിൻ ആറര അടി ഉള്ളൊരു മനുഷ്യനാണ്. അവന്റെ ശബ്ദം ഭീകരമാണ്. ആ ശബ്ദം വച്ചാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. ഒരു ദിവസം ഷൂട്ട് ചെയ്ത് നിൽക്കുമ്പോൾ കുറെ ഗുണ്ടകൾ വന്നു. കള്ള് കുടിച്ചിട്ടൊക്കെയാണ് വരവ്. ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കി. ഇവർ ബാക്കിൽ എന്തോ വച്ചു. ജിബിൻ വിചാരിച്ചത് കമ്പോ വല്ലതും ആയിരിക്കുമെന്നാണ്. പക്ഷേ പിന്നെ ആണ് മനസിലാകുന്നത് അത് തോക്കായിരുന്നെന്ന്. എന്തൊക്കെയോ പറഞ്ഞ് അവർ പോയി. വീണ്ടും വന്നു ചെറിയ പ്രശ്നങ്ങളൊക്കെ ആയി. ഷൂട്ടിംഗ് ചെയ്യാൻ പറ്റിയില്ല. അവിടെ ഒരു ഗോഡൗണിൽ കുറേനേരം ചെന്നിരുന്നു. അങ്ങനെയൊക്കെ സമയം കുറേ പോയി. അവര് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയ സമയത്ത് മമ്മൂട്ടി സാറിന് വേണ്ടമെങ്കിൽ പോകാമായിരുന്നു. പക്ഷേ അദ്ദേഹം സപ്പോർട്ട് ചെയ്തു കൂടെ നിന്നു. അവരുടെ ആവശ്യം മമ്മൂട്ടിയുടെ ഫോട്ടോ എടുക്കണം എന്നതാണ്. ഇവർ തലേദിവസമോ മറ്റോ റോഷാക്ക് കണ്ടു. ഹമാരാ സ്റ്റാർ ഹേ എന്നൊക്കെ പറഞ്ഞാണ് സംസാരം. ഷൂട്ട് എങ്ങനെ എങ്കിലും നടക്കണ്ടേ. മമ്മൂട്ടി സാർ പുറത്തിറങ്ങി അവരുടെ കൂടെ സെൽഫി എടുത്തു. പിന്നീട് ഷൂട്ടിംഗ് വളരെ സ്മൂത്തായി മുന്നോട്ട് പോയി.
'ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം'; തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..