Kangana Ranaut | 'മരിച്ച ജനത ഉയര്‍ത്തെഴുന്നേറ്റത് 2014ല്‍; സ്വാതന്ത്ര്യപ്പോരാളികളെ അപമാനിച്ചിട്ടില്ല'
തന്‍റെ വാക്കുകളെ അടര്‍ത്തിയെടുത്തി ഉപയോഗിക്കുകയാണെന്ന് കങ്കണ
ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. രാജ്യം 1947ല്‍ നേടിയത് യഥാര്‍ഥ സ്വാതന്ത്ര്യമല്ലെന്നും 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോഴാണ് രാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രി നവാബ് മാലിക് എന്നിവര്‍ക്കൊപ്പം ആം ആദ്‍മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. കങ്കണയ്ക്കു നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ റണൗത്ത്.
"1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് എനിക്കറിയാം. റാണി ലക്ഷ്‍മി ഭായ്‍യുടെ ജീവിതം പറയുന്ന ഒരു സിനിമയില്‍ (മണികര്‍ണ്ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി) ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിന്‍റെയും റാണി ലക്ഷ്‍മി ഭായ്‍യുടെയും സവര്‍ക്കര്‍ജിയുടെയും ത്യാഗങ്ങളെക്കുറിച്ച് എനിക്കറിയാം. പക്ഷേ 1947ല്‍ നടന്ന യുദ്ധത്തെക്കുറിച്ച് എനിക്കറിയില്ല. 1857ല്‍ ദേശീയത ഉണര്‍ന്നു എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ അതിന് പെട്ടെന്നൊരു മരണമുണ്ടായത് എന്തുകൊണ്ടാണ്? സുഭാഷ് ചന്ദ്രബോസിന് എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പിന്തുണ ലഭിക്കാതിരുന്നത്? ഐഎന്‍എയുടെ ഒരു ചെറിയ യുദ്ധം പോലും നമുക്ക് സ്വാതന്ത്ര്യം നേടിത്തരുമായിരുന്നു. പകരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭിക്ഷാപാത്രത്തിലേക്കാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം വച്ചുനീട്ടിയത്", ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ രൂപത്തില്‍ കങ്കണ കുറിച്ചു.
ഭൗതികമായ സ്വാതന്ത്ര്യം 1947ല്‍ നേടിയിരിക്കാമെന്നും ആ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല താന്‍ അഭിമുഖത്തില്‍ ഉദ്ദേശിച്ചതെന്നും കങ്കണ പറയുന്നു. "അവബോധം കൊണ്ട് ഇന്ത്യ സ്വതന്ത്രയാക്കപ്പെടുന്നത് 2014ലാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മരിച്ച ഒരു ജനത ഉയര്‍ത്തെഴുന്നേറ്റ് ചിറകു വിരിച്ചത് 2014ലാണ്." ടെലിവിഷന്‍ അഭിമുഖത്തിലൂടെ സ്വാതന്ത്ര്യസമര പോരാളികളെ താന്‍ അപമാനിച്ചുവെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാനാവുമെങ്കില്‍ ലഭിച്ച പത്മശ്രീ പുരസ്‍കാരം മടക്കിനല്‍കാന്‍ താന്‍ തയ്യാറാണെന്നും കങ്കണ കുറിച്ചു.