'അത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായി', കത്ത് വിവാദത്തിൽ വിശദീകരണവുമായി കമൽ
സാംസ്കാരികസമിതിയിൽ മൊത്തത്തിൽ ഇടതുപക്ഷസ്വഭാവം നിലനിർത്തണമെന്ന് കരുതിയാണ് കത്ത് നൽകിയത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താൻ പരാമർശിച്ചിട്ടില്ല എന്നാണ് കമൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരികമന്ത്രി എ കെ ബാലന് അയച്ച കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇടത് അനുകൂലികളായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് എഴുതിയതിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. അത് വ്യക്തിപരമായി എഴുതിയ കത്താണ്. അതിനാലാണ് സെക്രട്ടറി ഇത് കാണാതിരുന്നത്. സാംസ്കാരികസമിതിയായ ചലച്ചിത്ര അക്കാദമിയിൽ മൊത്തത്തിൽ ഇടതുപക്ഷസ്വഭാവം നിലനിർത്തണമെന്ന് കരുതിയാണ് കത്ത് നൽകിയത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താൻ പരാമർശിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമി പോലുള്ള സാംസ്കാരിക സമിതികളിൽ ഇടതുപക്ഷസ്വഭാവമുള്ളവർ ഉണ്ടാകണമെന്ന് താനടക്കമുള്ള ഒരു വലിയ വിഭാഗം സാംസ്കാരികപ്രവർത്തകർ കരുതുന്നുണ്ട്. തീവ്രവലതുപക്ഷവ്യതിയാനമുള്ള ആളുകൾ മിക്ക സാംസ്കാരികസമിതികളും കയ്യടക്കുന്ന ഈ കാലത്ത് അത്തരമൊരു ആവശ്യം താൻ വ്യക്തിപരമായി ഉന്നയിച്ചതാണെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാല് വർഷം മുമ്പ് നിയമിച്ച ഫെസ്റ്റിവൽ ഡയറക്ടർ ഷാജി എച്ച്, പ്രോഗ്രാം മാനേജർമാരായ റിജോയ് കെ ജെ, വി പി വിമൽ കുമാർ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ എൻപി സജീഷ് എന്നീ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആഗസ്റ്റിൽ സാംസ്ക്കാരികമന്ത്രിക്ക് കമൽ കത്തയച്ചത്. സ്ഥിരപ്പെടുത്താനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് ഇങ്ങിനെ: ''ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കും''. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് കമലിന്‍റെ ഈ കത്ത് പുറത്തുവിട്ടത്.
ഇതിനിടെ, കമലിന്‍റെ ആവശ്യത്തെ അക്കാദമി സെക്രട്ടറി എതിർത്തിരുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. സെക്രട്ടറി സർക്കാറിന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമന ആവശ്യം തള്ളിയത്. കത്ത് വിവാദത്തിൽ കമൽ മാത്രമല്ല സർക്കാറും വെട്ടിലായ സ്ഥിതിയിലാണ് വിശദീകരണവുമായി ചെയർമാൻ നേരിട്ട് രംഗത്തെത്തുന്നത്.
ചലച്ചിത്ര അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറുമായി ആശയവിനിമയം നടത്താറുള്ളത് സെക്രട്ടറിയാണ്. നിയമനമടക്കമുള്ള കാര്യങ്ങളിൽ ജനറൽ കൗൺസിലോ എക്സിക്യൂട്ടീവ് ബോർഡോ ചേർന്നാകും തീരുമാനമെടുക്കുക. ഇതൊന്നുമില്ലാതെയാണ് ചെയർമാൻ ഇടത് അനുഭാവികളായ നാലു കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാംസ്ക്കാരികമന്ത്രിക്ക് കത്ത് നൽകിയത്.
കത്ത് വന്നതിന് പിന്നാലെ സാംസ്ക്കാരികമന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. പിന്നാലെ സെക്രട്ടറി അജോയ് ചന്ദ്രൻ ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെന്ന് കാണിച്ച് സർക്കാറിന് കത്ത് നൽകി. ഇത് കൂടി പരിഗണിച്ചാണ് ചെയർമാന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സാംസ്ക്കാരികമന്ത്രി മറുപടി നൽകിയത്.
സ്ഥിരപ്പെടുത്തൽ പത്ത് വർഷം സർവ്വീസ് ഉള്ളവർക്ക് മാത്രമെന്ന് സർക്കാർ പറയുമ്പോൾ കമൽ ആവശ്യപ്പെട്ടത് നാലുവർഷം സർവ്വീസ് ഉള്ളവരുടെ നിയമനം. അതിനിടെ സിനിമാപ്രവർത്തകർ രാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതിൽ ചലച്ചിത്ര രംഗത്തും എതിർപ്പുയരുന്നുണ്ട്. വിനോദനികുതി കുറക്കാൻ സർക്കാർ എടുത്ത തീരുമാനെത്ത പിന്തുണച്ചുള്ള പോസ്റ്റിൽ സിനിമാലോകം മുഴുവൻ എൽഡിഎഫിനൊപ്പമാണെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് ചലച്ചിത്ര അക്കാദമിയുടെ ഇടത് സ്വാഭാവം നിലനിർത്താൻ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്‍റെ കത്ത് പുറത്തുവന്നത്. സാംസ്ക്കാരികനായകരുടെ യഥാർത്ഥമുഖം പുറത്തായെനന് പറഞ്ഞ് കമലിനെതിരെ ഷെയിം ഓൺ യു ക്യാമ്പയിൻ കോൺഗ്രസ് ശക്തമാക്കി.