ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും; കമലിന്‍റെ റിവ്യൂ ഇങ്ങനെ; വീഡിയോ ആവേശത്തോടെ പങ്കുവച്ച് പൃഥ്വി
ചെന്നൈയില്‍ നടന്ന ആടുജീവിതം പ്രീമിയറില്‍ അതിഥികളായി എത്തിയത് വിഖ്യാത താരം കമൽഹാസനും പ്രമുഖ സംവിധായകന്‍ മണിരത്‌നവുമാണ്.
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്ന നിലയില്‍ ആദ്യമേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന, വന്‍ കാന്‍വാസിലുള്ള ചിത്രം എന്നതും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ മറ്റ് ഭാഷകളില്‍ നടത്തിയ പ്രീമിയര്‍ ഷോകളില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചെന്നൈയില്‍ നടന്ന ആടുജീവിതം പ്രീമിയറില്‍ അതിഥികളായി എത്തിയത് വിഖ്യാത താരം കമൽഹാസനും പ്രമുഖ സംവിധായകന്‍ മണിരത്‌നവുമാണ്. ഈ ചിത്രത്തിനായി എടുത്ത പ്രയത്നം പ്രേക്ഷകര്‍ ശരിക്കും മനസിലാക്കണമെന്നും. ചിത്രം ഗംഭീരമാണെന്നുമാണ് ചിത്രം കണ്ട ശേഷം കമല്‍ പ്രതികരിച്ചത്. സംവിധായകന്‍ ബ്ലെസിയും ഒപ്പമുണ്ടായിരുന്നു.
കമൽഹാസന്‍റെ ചിത്രം കണ്ടശേഷമുള്ള പ്രതികരണം നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 3 ദേശീയ പുരസ്‌കാരങ്ങൾ നേടിയ സൂപ്പർ സ്റ്റാറും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ കമൽഹാസൻ സർ അസാധാരണമായ ഒരു കഥയ്ക്ക് ജീവൻ നൽകിയ ആടുജീവിതം ടീമിന്‍റെ പരിശ്രമത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു എന്നാണ് വീഡിയോയ്ക്ക് പൃഥ്വി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ആടുജീവിതം. ചിത്രത്തിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ മൈത്രി മൂവി മേക്കേഴ്സ് ആണ്. റിലീസിന് ഏതാനും ദിവസം മാത്രം ശേഷിക്കെ തെലങ്കാനയില്‍ ചിത്രത്തിന്‍റെ ഒരു പ്രിവ്യൂ ഷോ അവര്‍ സംഘടിപ്പിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ശ്രദ്ധേയ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായായിരുന്നു ഈ പ്രദര്‍ശനം. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്പെഷല്‍ സ്ക്രീനിംഗ്. ചിത്രം കണ്ടതിന് ശേഷമുള്ള തെലുങ്ക് സംവിധായകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.
"ബെസ്റ്റ് സര്‍വൈവല്‍ മൂവി", "ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന സിനിമ", "ഈ പ്രയത്നത്തിന് കൈയടി" എന്നൊക്കെയാണ് ആടുജീവിതത്തിന് ലഭിച്ച പ്രതികരണങ്ങള്‍. "ഏതൊരു നടനെ സംബന്ധിച്ചും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം. പൃഥ്വിരാജ് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്", ഒരു സംവിധായകന്‍ പറയുന്നു.
ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു.!