കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍
'പ്രൊജക്റ്റ് കെ'യില്‍ കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനായി എത്തുമെന്നാണ് പ്രചരിക്കുന്നത്.
പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രൊജക്റ്റ് കെ'. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണും ചിത്രത്തില്‍ വേഷങ്ങളിലുണ്ട്. ഇപ്പോഴിതാ മറ്റൊരു വമ്പൻ താരവും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍.
കമല്‍ഹാസൻ പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 20 ദിവസമാണ് കമല്‍ഹാസൻ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. നെഗറ്റീവ് റോളില്‍ ആയിരിക്കും കമല്‍ഹാസൻ ചിത്രത്തില്‍ എത്തുക. 150 കോടി രൂപയോളം കമല്‍ഹാസൻ ചിത്രത്തിനായി വാങ്ങിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.
'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരണം ഇതിനകം തന്നെ 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നതിനാല്‍ കമല്‍ഹാസൻ എത്തുന്നുവെന്ന വാര്‍ത്തയില്‍ കഴമ്പ് ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. 150 കോടി രൂപയുടെ പ്രതിഫലമെന്നതും വിശ്വസനീയമല്ല എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ചിലപ്പോള്‍ വോയിസ് ഓവറോയിട്ടോ അതിഥി കഥാപാത്രമായിട്ടോ 'പ്രൊജക്റ്റ് കെ'യുമായി കമല്‍ഹാസൻ സഹകരിച്ചേക്കാമെന്നും ചിലര്‍ പറയുന്നു. 'പ്രൊജക്റ്റ് കെ' പ്രവര്‍ത്തകരുടെ ഔഗ്യോഗിക അറിയിപ്പ് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'പ്രൊജക്റ്റ് കെ'യുടെയും പാട്ടുകള്‍ ഒരുക്കുക. അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന 'പ്രൊജക്റ്റ് കെ' ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് 'പ്രൊജക്റ്റ് കെ'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More: ബിഗ് ബോസില്‍ സഭ്യത വിട്ട് അഖില്‍ മാരാര്‍, എതിര്‍ത്ത് സെറീന- വീഡിയോ പുറത്ത്