35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്നു; പിറന്നാള്‍ തലേന്ന് പ്രഖ്യാപനം
നായകന്‍ ആണ് മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം
കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്നം. നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ഒരുങ്ങുന്നത്. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്നം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്.
എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധായകന്‍. മണി രത്നം, കമല്‍ ഹാസന്‍, എ ആര്‍ റഹ്‍മാന്‍ എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍, മണി രത്നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണഅ ചിത്രം നിര്‍മ്മിക്കുന്നത്.
കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. ഒരേ മനസ് ഉള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണെന്ന് മണി രത്നത്തിനും എ ആര്‍ റഹ്‍മാനുമൊപ്പം പ്രവര്‍ത്തിക്കുന്നതിലെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് കമല്‍ പറഞ്ഞു.
ALSO READ : സുരേഷ് ഗോപിക്കൊപ്പം മകന്‍ മാധവ്, നായികയായി അനുപമ; 'എസ്‍ജി 255' ന് നാളെ ആരംഭം
അതേസമയം തങ്ങള്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും വിജയം നേടിയ രണ്ട് ചിത്രങ്ങള്‍ക്കു ശേഷമാണ് കമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്നത് എന്നതും കൌതുകകരമാണ്. കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ വിക്രം. അതുപോലെതന്നെ മണി രത്നത്തിന്‍റെ എപിക് ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ ചിത്രം പൊന്നിയിന്‍ സെല്‍വനും ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്.