Kaduva Movie : തടസ്സങ്ങള്‍ ഒഴിഞ്ഞു; 'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം

kaduva release confirmed date announced prithviraj sukumaran shaji kailas

പൃഥ്വിരാജ് (Prithviraj Sukumaran) ചിത്രം കടുവ (Kaduva) റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഈ വ്യാഴാഴ്ച (ജൂലൈ 7) തിയറ്ററുകളിലെത്തും. റിലീസ് തീയതിയില്‍ അന്തിമ തീരുമാനമായതോടെ അഡ്വാന്‍സ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.

ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെൻസർ ബോർഡിന് നി‍ർദേശം നൽകിയത്. 

ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. പിന്നീട് എലോണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്. 

ALSO READ : ഷമ്മി തിലകൻ വിഷയത്തിൽ തീരുമാനം അടുത്ത യോഗത്തിൽ, ഗണേഷിന്‍റെ കത്തിന് മറുപടി രേഖാമൂലം

'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

Latest Videos
Follow Us:
Download App:
  • android
  • ios