'കടുഗണ്ണാവ ഒരു യാത്ര'; എംടി, ലിജോ, മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം
പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്
എം ടി വാസുദേവന്‍ നായരുടെ (M T Vasudevan Nair) കഥകള്‍ കോര്‍ത്തിണക്കിയ നെറ്റ്ഫ്ളിക്സ് ആന്തോളജി (Netflix Anthology) ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ വിവിധ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നുവെന്ന വിവരം പുറത്തെത്തിയിരുന്നു. ഇതില്‍ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് (Mammootty) നായകനെന്ന വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ പുറത്തെത്തുന്നത് എംടിയുടെ ഏത് കഥയാണെന്ന വിവരവും എത്തിയിരിക്കുകയാണ്. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയാണ് ലിജോ ചലച്ചിത്രമാക്കുന്നത്.
ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്.
നെറ്റ്ഫ്ളിക്സ് ആന്തോളജി കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഒരു ഫീച്ചര്‍ ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനര്‍ നിലവില്‍ വരുമെന്നും കരുതപ്പെടുന്നു.
എംടി കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ ഒന്ന്. ബിജു മേനോന്‍ നായകനാവുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത ഓളവും തീരവും എന്ന സിനിമയുടെ റീമേക്ക് ആണ്. ഒറിജിനലില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും. എംടി-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ എന്ന കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ കൂടിയാണ് ഇത്.
എംടിയുടെ 'അഭയം തേടി' എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം. കഥ എന്നതിനേക്കാള്‍ അമൂര്‍ത്തമായ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം സൃഷ്‍ടിച്ചെടുക്കേണ്ടതെന്നും അത് വെല്ലുവിളി സൃഷ്‍ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവന്‍ നേരത്തേ പറഞ്ഞിരുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആണ് നായകന്‍.