മൂന്നാം ദിനം കഥ മാറി! ആദ്യ ദിനത്തേക്കാൾ ഹൗസ് ഫുൾ ഷോകള്‍; 'കഥ ഇന്നുവരെ' പ്രദർശനം തുടരുന്നു
ആദ്യദിനം ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തിയറ്ററുകളില്‍ പ്രതിഫലിക്കുന്നുണ്ട്
ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. 20-ാം തീയതിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യദിനം ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തിയറ്ററുകളില്‍ പ്രതിഫലിക്കുന്നുണ്ട്. റിലീസ് ദിനത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം കാണാനെത്തി. ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയൊരു സാന്നിധ്യം ഞായറാഴ്ച കേരളമൊട്ടാകെ തിയറ്ററുകളിൽ ഉണ്ടായി.
വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗത്തിന് വലിയ കൈയടിയാണ് ആദ്യ ദിവസം മുതൽ തന്നെ ലഭിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രണയ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോൻ്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിൻ്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന നല്ലൊരു പ്രണയ ചിത്രമാണ് കഥ ഇന്നു വരെയെന്നാണ് പ്രേക്ഷകാഭിപ്രായം.
ഹക്കിം ഷാജഹാൻ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്.
ALSO READ : അര്‍ഥപൂര്‍ണ്ണം ഈ കലാജീവിതം; മധുവിന് ഇന്ന് 91-ാം പിറന്നാള്‍