'ആടുതോമ'യ്ക്ക് പിറ്റേന്ന് 'ഭൂമിനാഥനും' എത്തും; വിജയ് ചിത്രവും കേരളത്തില്‍ റീ റിലീസിന്
ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനുശേഷം തിയറ്ററുകളിലെത്തുന്ന സ്ഫടികത്തിന്‍റെ റിലീസ് തീയതി ഫെബ്രുവരി 9 ആണ്
പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് ചലച്ചിത്ര വിപണിയിലെ പുതിയ ട്രെന്‍ഡ് ആണ്. എവര്‍ഗ്രീന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാണാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഒരു തലമുറയ്ക്ക് അതിനുള്ള അവസരം ലഭിക്കും എന്നതാണ് ഈ റീ റിലീസുകളുടെ പ്രാധാന്യം. ഫിലിമില്‍ ചിത്രീകരിച്ച സിനിമകള്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് മിക്കപ്പോഴും റീ റിലീസിന് എത്തുക. തമിഴില്‍ രജനികാന്തിന്‍റെ ബാഷയും ബാബയുമൊക്കെ പലപ്പോഴായി ഇതിനകം എത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളത്തില്‍ ഇത്തരത്തിലൊരു പ്രധാന റിലീസ് ഇനി സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, 1995 ല്‍ തിയറ്ററുകളിലെത്തിയ സ്ഫടികം ആണ് അത്.
ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനുശേഷം തിയറ്ററുകളിലെത്തുന്ന സ്ഫടികത്തിന്‍റെ റിലീസ് തീയതി ഫെബ്രുവരി 9 ആണ്. മികച്ച പ്രീ റിലീസ് പ്രൊമോഷനോടെയാണ് ചിത്രം എത്തുക. അതേസമയം തൊട്ടുപിറ്റേദിവസം ഒരു പഴയ തമിഴ് ചിത്രവും കേരളത്തിലെ തിയറ്ററുകളില്‍ പുന:പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. വിജയ്‍യെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്‍ത കാവലന്‍ ആണ് ഈ ചിത്രം. സിദ്ദിഖ് തന്നെ മലയാളത്തില്‍ സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന്‍റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. അസിന്‍ ആയിരുന്നു നായിക. നൂറോളം തിയറ്ററുകളില്‍ ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ : 'റാമി'ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്‍റ്? റിപ്പോര്‍ട്ടുകള്‍
ഫെബ്രുവരി 10 ന് മറ്റൊരു ചിത്രത്തിന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പും റിലീസ് ചെയ്യപ്പെടുന്നുണ്ട്. ലോക സിനിമയിലെ തന്നെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ ഹോളിവുഡ് ചിത്രം ടൈറ്റാനിക് ആണ് ഇതേ ദിവസം ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക. ജാക്കിന്‍റെയും റോസിന്റെയും ദുരന്ത പ്രണയകഥ ഒരിക്കല്‍ക്കൂടി, അതും കൂടുതല്‍ തെളിമയോടെ കാണാനുള്ള അവസാനമാണ് സിനിമാപ്രേമികളെ തേടി എത്തുന്നത്. 1997 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഇപ്പോള്‍ തിയറ്ററുകളിലുള്ള അവതാര്‍ ദ് വേ ഓഫ് വാട്ടറിന്‍റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ആണ്.