വന്‍ പ്രതികരണം, രണ്ടാം ദിനം കൂടുതല്‍ തിയറ്ററുകളിലേക്ക് 'കാതല്‍'
കേരളത്തില്‍ 150 തിയറ്ററുകളിലായിരുന്നു റിലീസ്
മലയാളി സിനിമാപ്രേമികളില്‍ റിലീസിനുമുന്‍പ് വലിയ ആകാംക്ഷ സൃഷ്ടിച്ച ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം നിര്‍വ്വഹിച്ച കാതല്‍. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മലയാളത്തിന്‍റെ ബിഗ് സ്ക്രീനിനെ ഞെട്ടിക്കുന്ന ചിത്രം എന്നാണ് ഇന്നലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്ന പ്രേക്ഷകാഭിപ്രായം. പ്രീ റിലീസ് ബുക്കിംഗില്‍ വലിയ ഓളം സൃഷ്ടിക്കാതിരുന്ന ചിത്രത്തിന് പക്ഷേ ചിത്രം നല്ല അഭിപ്രായം നേടിയതോടെ മികച്ച ബുക്കിംഗ് ലഭിച്ചു. ഇപ്പോഴിതാ റിലീസിന്‍റെ രണ്ടാം ദിനത്തില്‍ തിയറ്റര്‍ കൗണ്ട് കൂട്ടിയിരിക്കുകയാണ് ചിത്രം.
കേരളത്തില്‍ 150 തിയറ്ററുകളിലായിരുന്നു റിലീസെങ്കില്‍ 25 തിയറ്ററുകളിലേക്കുകൂടി എത്തുകയാണ് ചിത്രം. അതായത് ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് ഇപ്പോള്‍ 175 ആണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ചര്‍ച്ച സൃഷ്ടിച്ച ജിയോ ബേബി ഇത്തവണയും മികച്ച പ്ലോട്ടുമായാണ് എത്തിയിരിക്കുന്നത്. സ്വവര്‍ഗാനുരാഗമാണ് ചിത്രത്തിന്‍റെ പ്രമേയം. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസിയായി മമ്മൂട്ടി എത്തുമ്പോള്‍ ഭാര്യ ഓമനയായി എത്തുന്നത് ജ്യോതികയാണ്. ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രവുമാണ് കാതല്‍.
തങ്ങളുടെ ബാനറില്‍ എത്തുന്ന ചിത്രങ്ങള്‍ മിനിമം ഗ്യാരന്‍റി ഉള്ളതായിരിക്കുമെന്ന് മമ്മൂട്ടി കമ്പനി ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കാതലിലൂടെ. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, വരികള്‍ അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു.
ALSO READ : 'പാര്‍ഥി' എന്ന 'ലിയോ' ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു, മലയാളത്തിലും കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം