ജൂഡ് ആന്‍റണിയുടെ പ്രളയ ചിത്രം വരുന്നു; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്

"ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്നുവരെ പറഞ്ഞു"

jude anthany joseph movie 2018 everyone is a hero title launched by fahadh faasil prithviraj sukumaran

കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 2018 എവരിവണ്‍ ഈസ് എ ഹീറോ എന്നാണ് സിനിമയുടെ പേര്, മുല്ലപ്പെരിയാര്‍ ഡാം ചിത്രീകരിച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്ററിലെ ടൈറ്റില്‍. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ പേര് പ്രഖ്യാപിച്ചത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൌതമി നായര്‍ എന്നീ പേരുകള്‍ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. ജൂഡ് ആന്‍റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. 

ചിത്രത്തിന്‍റെ പൂര്‍ത്തീകരണത്തെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ്

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 ഒക്ടോബര്‍ 16ന് ഞാന്‍ ഒരു സിനിമ അനൌണ്‍സ് ചെയ്തിരുന്നു. ജാതി മത പാര്‍ട്ടിഭേദമന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് അസാധ്യമാണ് എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖില്‍ പി ധര്‍മജന്‍, എന്‍റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. 

അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ  വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു.  കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്‍റെ ദൂതന്‍. ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു കലാസംവിധായകന്‍ മോഹന്‍ദാസ്, എന്‍റെ മണിചേട്ടന്‍, അഖില്‍ ജോര്‍ജ് എന്ന സഹോദരതുല്യനും പ്രതിഭയുമായ ഛായാഗ്രാഹകന്‍ , എഡിറ്റര്‍ ചമന്‍ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി. (പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). 

ALSO READ : ഡ്യൂപ്പ് ഇല്ലാതെ അക്ഷയ് കുമാര്‍; 'രാം സേതു' മേക്കിംഗ് വീഡിയോ

ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിംഗിനു വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, എന്തുതന്നെ ആയാലും, മറ്റുള്ളവര്‍ എന്തുതന്നെ പറഞ്ഞാലും, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. ഈ മുഴുവന്‍ പ്രപഞ്ചവും അത് സാധ്യമാക്കാന്‍വേണ്ടി നിങ്ങള്‍ക്കൊപ്പം നില്‍ക്കും.കാവ്യ ഫിലിംസ് ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും ആന്‍റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു. 2018 എവരിവണ്‍ ഈസ് എ ഹീറോ. കേരളത്തെ മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ ഒരുമിച്ച് നിന്ന് പോരാടിയ ധൈര്യശാലികളായ മലയാളികളുടെ കഥ. 

Latest Videos
Follow Us:
Download App:
  • android
  • ios