പതിഞ്ഞ താളത്തിൽ, ത്രില്ലടിപ്പിച്ച കുറ്റാന്വേഷണ ചിത്രം; ജോജുവിന്റെ 'ഇരട്ട' രണ്ടാം വാരത്തിലേക്ക്
കാമ്പുള്ള കഥയും കഥാപാത്രങ്ങളും മിന്നുന്ന മേക്കിങ്ങും ചേർന്ന ഇരട്ടയുടെ ക്ലൈമാക്സിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡബിൾ റോളിൽ എത്തി ജോജു ജോർജ് അമ്പരപ്പിച്ച ചിത്രമാണ് 'ഇരട്ട'. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, നായാട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു അവതരിപ്പിച്ച കഥാപാത്രത്തെയും ചിത്രത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചരിക്കുന്നത്. മലയാളത്തിന് മികച്ചൊരു കുറ്റാന്വേഷണ സിനിമ കൂടി പിറന്നിരിക്കുന്നു എന്നാണ് സിനിമാസ്വാദകർ ഒന്നടങ്കം പറയുന്നത്. പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഇരട്ട ഇപ്പോൾ.
പൊലീസുകാരായ 'വിനോദി'ന്റെയും 'പ്രമോദി'ന്റെയും കഥയാണ് ചിത്രം പറയുന്നത്. 'വിനോദ് എഎസ്ഐ'യും 'പ്രമോദ്' ഡിവൈഎസ്‍പിയുമാണ്. അതിന്റെ ഈഗോ ക്ലാഷുകളൊക്കെയുള്ള രണ്ട് കഥാപാത്രങ്ങളാണ് ഇരുവരും. തുടക്കത്തില്‍ വിനോദ് മരിക്കുന്നു. വെടിയേറ്റാണ് വിനോദിന്റെ മരണം. ആരാണ് കൊലപാതകി?, വിനോദിന്റെ മരണം സംഭവിച്ചത് എങ്ങനെ?. തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് ആദ്യാവസാനം വരെ 'ഇരട്ട'. ചിത്രത്തോടൊപ്പം തന്നെ പ്രേക്ഷകനെയും ഇരട്ട ഒപ്പം കൂട്ടി. കാമ്പുള്ള കഥയും കഥാപാത്രങ്ങളും മിന്നുന്ന മേക്കിങ്ങും ചേർന്ന ഇരട്ടയുടെ ക്ലൈമാക്സിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
പഠാനൊപ്പം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' തിയറ്ററിലേക്ക്; റി- റിലീസിന് ഷാരൂഖ് ചിത്രം
അപ്പു പത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സൈജു വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്‌ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.