ജോജു ജോര്‍ജ് ഇനി സംവിധായകന്‍; ആദ്യചിത്രം 'പണി' ആരംഭിച്ചു

വേണുവാണ് സിനിമയുടെ ഛായാഗ്രഹണം

joju george directorial debut pani starts rolling at thrissur venu isc m riaz adam sijo vadakkan nsn

നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം. ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം തൃശൂരില്‍ ആരംഭിച്ചു. പണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജോജു തന്നെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും അദ്ദേഹത്തിന്‍റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജോജുവും ഉണ്ടെന്ന് അറിയുന്നു. ജോജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ഉണ്ടാവുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണോ ഈ ചിത്രമെന്നത് വ്യക്തമല്ല. 

വേണുവാണ് സിനിമയുടെ ഛായാഗ്രഹണം. ഒരു ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച പുലിമടയില്‍ ജോജു ജോര്‍ജ് ആയിരുന്നു നായകന്‍. തൃശൂര്‍ നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ജോജുവിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്‍റെ പശ്ചാത്തലവും തൃശൂര്‍ ആയിരുന്നു. 

joju george directorial debut pani starts rolling at thrissur venu isc m riaz adam sijo vadakkan nsn

 

അതേസമയം എ കെ സാജന്‍ സംവിധാനം ചെയ്ത പുലിമട ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യും. ഫാമിലി ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിൻസെന്‍റ് സ്‌കറിയ എന്ന കഥാപാത്രത്തിന്‍റെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകൾ ഏറ്റുവാങ്ങിയ ജോജു ജോർജ്ജ് എന്ന നടന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി നമ്മൾ കണ്ടു ആസ്വദിക്കാൻ പോകുന്ന ചിത്രം ആയിരിക്കും പുലിമടയെന്ന് അണിയറക്കാരുടെ സാക്ഷ്യം. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ  ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്. ജോഷിയുടെ ജോജു സിനിമയായ ആന്റണി നിര്‍മ്മിക്കുന്നതും ഐൻസ്‌റ്റീൻ മീഡിയയാണ്.

ALSO READ : 'കണ്ണൂര്‍ സ്ക്വാഡി'ന് മമ്മൂട്ടി കമ്പനി മുടക്കിയ തുക എത്ര? യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി റോണി ഡേവിഡ് രാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios