പ്രേക്ഷകരോട് നേരിട്ടെത്തി നന്ദി പറഞ്ഞ് ജോജുവും ടീമും; മികച്ച അഭിപ്രായങ്ങളുമായി 'നാരായണീന്‍റെ മൂന്നാണ്മക്കൾ'
ഫാമിലി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരു കുടുംബത്തിലെ മൂന്ന് ആണ്‍ മക്കളുടേയും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടേയും കഥയുമായെത്തി പ്രേക്ഷകരുടെ ഉള്ളം നിറച്ചിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രം ഹൃദയത്തിലേറ്റുവാങ്ങിയ പ്രേക്ഷകർക്ക് നന്ദി അറിയിക്കാൻ തിയേറ്ററുകളിൽ നേരിട്ടെത്തിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ജോജു ജോര്‍ജ്ജുവും മറ്റ് അഭിനേതാക്കളും.
ചിത്രത്തിന് ഇത്രയും മികച്ചൊരു സ്വീകരണം നൽകിയതിന് പ്രേക്ഷകർക്കേവർക്കും ജോജു നന്ദി അറിയിച്ചു. ജോജുവിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളായ ഷെല്ലി എൻ കുമാർ, തോമസ് മാത്യു, ഗാർഗി ആനന്ദൻ തുടങ്ങിയവരും ഉണ്ടായിരുന്നു. നിറഞ്ഞ സദസ്സിലാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രേക്ഷക സ്വീകാര്യതയിൽ മുന്നേറുന്നത്.
വിശ്വനാഥനായി അലൻസിയറിന്‍റേയും സേതുവായി ജോജു ജോര്‍ജ്ജിന്‍റേയും ഭാസ്കറായി സുരാജ് വെഞ്ഞാറമ്മൂടിന്‍റേയും പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. മൂവരും മത്സരിച്ചഭിനയിച്ചിരിക്കുകയാണ് ചിത്രത്തിൽ. മൂവരും ഒരുമിച്ചുള്ള സീനുകളെല്ലാം പ്രേക്ഷകരുടെ മനസ്സിൽ കയറുന്നതാണ്. ഇവർ ഒരുമിച്ചുള്ള അസാധ്യ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ജോജു, സേതു എന്ന കഥാപാത്രത്തെ തുടക്കം മുതൽ ഒടുക്കം വരെ വളരെ സൂക്ഷ്‍മതയോടെയാണ് പകർന്നാടിയിരിക്കുന്നത്.
അസാധാരണമായൊരു കഥയുമായി ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓരോ കുടുംബങ്ങളുടേയും ഉള്ളിൽ സംഭവിക്കുന്ന സങ്കീർണ്ണമായ ചില തലങ്ങൾ ചിത്രം തുറന്നു കാണിക്കുന്നുണ്ട്. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരുടെ പ്രകടനങ്ങളും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്.
ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഏറെ സങ്കീർണ്ണമായ മനുഷ്യ മനസ്സുകളിലൂടെയാണ് ശരണിൻ്റെ കഥ സഞ്ചരിക്കുന്നത്. അത് മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാനും ശരണിന് കഴിഞ്ഞിട്ടുണ്ട്. തനി നാട്ടിൻപുറം കേന്ദ്രീകരിച്ചുകൊണ്ട് അപ്പു പ്രഭാകർ ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും രാഹുൽ രാജിന്‍റെ സംഗീതവും ജ്യോതിസ്വരൂപ് പാന്തായുടെ എഡിറ്റിംഗും മികവ് പുലർത്തിയിട്ടുണ്ട്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോർഡിംഗ് ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.
ALSO READ : സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി