വില്ലന് പുതിയ മുഖം സമ്മാനിച്ച 'ജോണ്‍ ഹോനായ്'; റിസബാവയുടെ കരിയര്‍ മാറ്റിയ 'ഹരിഹര്‍ നഗര്‍'
മുകേഷിന്‍റെ മഹാദേവനും സിദ്ദിഖിന്‍റെ ഗോവിന്ദന്‍കുട്ടിയും ജഗദീഷിന്‍റെ അപ്പുക്കുട്ടനുമൊക്കെ ചിരി പടര്‍ത്തിയ ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച എന്‍ട്രി റിസബാവ അവതരിപ്പിച്ച 'ജോണ്‍ ഹോനായി'യുടേതായിരുന്നു
തിരക്കഥാകൃത്ത് എന്ന നിലയില്‍ രണ്‍ജി പണിക്കര്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു 1990ല്‍ പുറത്തെത്തിയ 'ഡോ: പശുപതി'. പില്‍ക്കാലത്ത് രണ്‍ജി പണിക്കര്‍ എഴുതിയ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന 'പശുപതി'യിലെ നായകനും പുതുമുഖമായിരുന്നു. സായ് കുമാറിനായി നിശ്ചയിച്ചിരുന്ന വേഷം അദ്ദേഹത്തിന്‍റെ അസൗകര്യത്തെത്തുടര്‍ന്ന് റിസബാവയില്‍ എത്തുകയായിരുന്നു. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക കോമഡി, സ്വഭാവ നടന്മാരും അണിനിരന്ന ചിത്രം ഇപ്പോഴും ആവര്‍ത്തിക്കുന്ന ടെലിവിഷന്‍ പ്രദര്‍ശനങ്ങളില്‍ കാണികളെ നേടുന്ന ഒന്നാണ്. അത്തരം ഒരു ചിത്രത്തിലെ നായകവേഷം പക്ഷേ റിസബാവയുടെ കരിയറിന് കാര്യമായ ഗുണം ചെയ്‍തില്ല. മികച്ച അഭിനേതാക്കളുടെ വലിയ നിരയുണ്ടായിരുന്ന ചിത്രത്തിലെ പുതുമുഖ നായകന് കാര്യമായ പ്രേക്ഷകശ്രദ്ധ ലഭിക്കാത്തതുതന്നെ കാരണം. എന്നാല്‍ അതേവര്‍ഷം പുറത്തിറങ്ങിയ മറ്റൊരു ചിത്രം റിസബാവയെന്ന നടനെ മലയാളി സിനിമാപ്രേമിയുടെ മനസ്സില്‍ എന്നേക്കുമായി പ്രതിഷ്ഠിച്ചു. സിദ്ദിഖ്-ലാല്‍ ടീമിന്‍റെ കോമഡി ത്രില്ലര്‍ ചിത്രം 'ഇന്‍ ഹരിഹര്‍നഗര്‍' ആയിരുന്നു ചിത്രം.
മുകേഷിന്‍റെ മഹാദേവനും സിദ്ദിഖിന്‍റെ ഗോവിന്ദന്‍കുട്ടിയും ജഗദീഷിന്‍റെ അപ്പുക്കുട്ടനുമൊക്കെ ചിരി പടര്‍ത്തിയ ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച എന്‍ട്രി റിസബാവ അവതരിപ്പിച്ച 'ജോണ്‍ ഹോനായി'യുടേതായിരുന്നു. വില്ലന്മാര്‍ക്ക് എപ്പോഴും വേറിട്ട പേരിടാറുള്ള സിദ്ദിഖ്-ലാല്‍ കഥാപാത്രത്തിനു നല്‍കിയ പേര് മുതല്‍ റിസബാവയുടെ വേറിട്ട ശബ്ദവും സുന്ദരരൂപവുമൊക്കെ ഹോനായ്‍ക്ക് ഗരിമ നല്‍കിയ ഘടകങ്ങളായിരുന്നു. പിന്നീടങ്ങോട്ട് അവസരങ്ങള്‍ക്കുവേണ്ടി റിസബാവയ്ക്ക് കാത്തിരിക്കേണ്ടി വന്നില്ല. ആനവാല്‍ മോതിരം, ആമിന ടെയ്‍ലേഴ്സ്, ജോര്‍ജൂട്ടി കെയറോഫ് ജോര്‍ജൂട്ടി, ചമ്പക്കുളം തച്ചന്‍, ഏഴര പൊന്നാന, സരോവരം, കാബൂളിവാല, ബന്ധുക്കള്‍ ശത്രുക്കള്‍, വക്കീല്‍ വാസുദേവ്, ആയിരപ്പറ, മാനത്തെ കൊട്ടാരം തുടങ്ങി തൊണ്ണൂറുകളിലെ മലയാളസിനിമയില്‍ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം.
കണ്ണടച്ച് കേട്ടാലും തിരിച്ചറിയാനാവുന്ന ശബ്‍ദമായിരുന്നു റിസബാവ എന്ന നടന്‍റെ മറ്റൊരു പ്ലസ് പോയിന്‍റ്. ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രത്തിന് അത് തുണയാവുകയും ചെയ്‍തു. അഭിനയിക്കാത്ത ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിളങ്ങാനും അദ്ദേഹത്തിനെ സഹായിച്ചത് വേറിയ ശബ്‍ദവും ഡയലോഗ് ഡെലിവറിയിലെ പൂര്‍ണ്ണതയുമായിരുന്നു. ബ്ലെസിയുടെ 'പ്രണയ'ത്തില്‍ അനുപം ഖേറിനും പല ചിത്രങ്ങളില്‍ തലൈവാസല്‍ വിജയ്‍ക്കും അദ്ദേഹം ശബ്‍ദം നല്‍കി. 120ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച റിസബാവയ്ക്ക് ലഭിച്ച ഒരേയൊരു സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് ഉള്ളതായിരുന്നു. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ 'കര്‍മ്മയോഗി'യില്‍ തലൈവാസല്‍ വിജയ്‍യുടെ കഥാപാത്രത്തിന് ശബ്‍ദം പകര്‍ന്നതിനായിരുന്നു അത്.
കരിയറിന്‍റെ തുടക്കത്തില്‍ ലഭിച്ച 'ജോണ്‍ ഹോനായ്'യെപ്പോലൊരു കഥാപാത്രം റിസബാവയ്ക്ക് പിന്നീട് ലഭിച്ചില്ല. മുന്‍മാതൃകകള്‍ ഇല്ലാതിരുന്ന ആ കഥാപാത്രം അദ്ദേഹത്തിന് ടൈപ്പ് കാസ്റ്റിംഗ് വെല്ലുവിളി ഉയര്‍ത്തിയില്ലെങ്കിലും ഏറെക്കാലം വില്ലന്‍ വേഷങ്ങളില്‍ നിലനിര്‍ത്താന്‍ ഇടയാക്കി. സിനിമയില്‍ പ്രതിനായക, സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടെ മിനിസ്ക്രീനിലേക്കും അദ്ദേഹം എത്തി. സൂര്യ ടിവി സംപ്രേഷണം ചെയ്‍ത വാല്‍സല്യം എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് എത്തിയ അദ്ദേഹം മന്ത്രകോടി, ആര്‍ദ്രം, ദത്തുപുത്രി, കാണാക്കണ്‍മണി, തേനും വയമ്പും, നാമം ജപിക്കുന്ന വീട് തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും പ്രീതി നേടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona