നായകന്‍ പൃഥ്വിരാജ്, സംവിധാനം ജീത്തു ജോസഫ്; 'മെമ്മറീസ്' ടീം വീണ്ടും
ഇതിനു മുന്‍പ് രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയിട്ടുള്ളത്
പൃഥ്വിരാജിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ ജീത്തു ജോസഫ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാർത്ഥം നിര്‍മ്മിക്കുന്ന സിനിമയാണിത്. ജീത്തുവിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനു വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിൽ ചേർന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സിനിമയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു.
ഇതിനു മുന്‍പ് രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയിട്ടുള്ളത്. 2013ല്‍ പുറത്തെത്തിയ മെമ്മറീസും 2016ല്‍ പുറത്തെത്തിയ ഊഴവും. മെമ്മറീസ് വലിയ വിജയമാണ് നേടിയതെങ്കില്‍ ഊഴം അത്രത്തോളം ശ്രദ്ധ നേടാതെപോയ ചിത്രമാണ്. അതേസമയം പുതിയ ചിത്രത്തിന്‍റെ മറ്റു താരനിരയോ സാങ്കേതികപ്രവര്‍ത്തകരോ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാല്‍ നായകനായ 12ത്ത് മാന്‍ ആണ് ജീത്തുവിന്‍റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ സിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നു ഇത്.
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തിൽ സംഘടനയുടെ പ്രസിഡന്റായി രൺജി പണിക്കരെയും ജനറൽ സെക്രട്ടറിയായി ജി എസ് വിജയനെയും ട്രഷറർ ആയി ബൈജുരാജ് ചേകവരെയും തെരഞ്ഞെടുത്തു. ജിത്തു ജോസഫ് (വൈസ് പ്രസിഡന്റ്), സോഹൻ സീനുലാൽ (വൈസ് പ്രസിഡന്റ്), മാളു എസ് ലാൽ (ജോയിന്റ് സെക്രട്ടറി), ഷാജൂൺ കാര്യാൽ (ജോയിന്റ് സെക്രട്ടറി), നിർവാഹക സമിതി അംഗങ്ങൾ: സിബി മലയിൽ, സലാം ബാപ്പു, ഒ എസ് ഗിരീഷ്, വൈ എസ് ജയസൂര്യ, സിദ്ധാർത്ഥ ശിവ, സോഫിയ ജോസ്, ഷാജി അസീസ്, എം പത്മകുമാർ, ഷിബു ഗംഗാധരൻ, എബ്രിഡ് ഷൈൻ, സജിൻ ബാബു, അജയ് വാസുദേവ്, ജിബു ജേക്കബ്, ചാക്കോ കാഞ്ഞൂപ്പറമ്പൻ എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.