ജീത്തു ജോസഫിന്‍റെ മകള്‍ കാത്തി സംവിധായികയാവുന്നു, ആദ്യ ചിത്രത്തിന്‍റെ റിലീസ് നാളെ
ബെഡ്ടൈം സ്റ്റോറീസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് തന്നെയാണ് നിര്‍മ്മാണം
പ്രമുഖ സംവിധായകന്‍ ജീത്തു ജോസഫിന്‍റെ മൂത്ത മകള്‍ കാത്തി ജീത്തുവും അച്ഛന്‍റെ വഴിയിലേക്ക്. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് നാളെ (ജനുവരി 5) റിലീസ് ചെയ്യും. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5 ന് വൈകിട്ട് 6.30 നാണ് ചിത്രത്തിന്‍റെ റിലീസ്. ബെഡ്ടൈം സ്റ്റോറീസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ്.
നവീന്‍ ചെമ്പൊടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി, വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധന്‍, എഡിറ്റിംഗ് ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍, ആക്ഷന്‍ അഷ്‍റഫ് ഗുരുക്കള്‍, വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്, ഡിസൈന്‍ ബാന്യന്‍ ഡിസൈന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാറ്റിന ജീത്തു.
അതേസമയം ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം നേര് തിയറ്ററുകളില്‍ മികച്ച വിജയമാണ് നേടുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ രചന അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നായിരുന്നു. ദൃശ്യം കൂട്ടുകെട്ട് ആയ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രത്തില്‍ വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ എത്തിയ ചിത്രം സമീപകാലത്ത് ഏറ്റവും മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം