ഓസ്‍ലര്‍; റിലീസിന് ശേഷം ജയറാമിന് പ്രേക്ഷകരോട് പറയാനുള്ളത്
മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഇന്നാണ് എത്തിയത്
മലയാളികളുടെ പ്രിയതാരമാണ് ജയറാം. എന്നാല്‍ സമീപകാലത്തായി മലയാളത്തില്‍ അദ്ദേഹം അഭിനയിച്ച ഒരു ചിത്രവും കാര്യമായി ജനപ്രീതി നേടിയിരുന്നില്ല. ഇതേത്തുടര്‍ന്ന് മലയാളത്തില്‍ ഇനി നല്ല സിനിമകള്‍ മാത്രം മതി എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. ജയറാമിന്‍റെ തിരിച്ചുവരവ് സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയുടെ അതിഥിവേഷമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജയറാം. പ്രേക്ഷകരോടും മിഥുന്‍ മാനുവലിനോടും മറ്റ് അണിയറക്കാരോടും സര്‍വ്വോപരി മമ്മൂട്ടിയോടും നന്ദി പറയുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജയറാം നന്ദി അറിയിക്കുന്നത്.
"നമസ്കാരം. ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയിട്ടല്ല. നന്ദി പറയാന്‍ വേണ്ടി മാത്രമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇന്ന് തിയറ്ററുകളിലെത്തിയ എന്‍റെയൊരു സിനിമയാണ് അബ്രഹാം ഓസ്‍ലര്‍. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ ഞങ്ങള്‍ രണ്ട് കൈയും നീട്ടി തിരിച്ച് സ്വീകരിക്കും എന്നതിന് തെളിവാണ് ഇന്ന് തിയറ്ററില്‍ നിന്ന് എനിക്ക് കിട്ടിയ സ്നേഹവും സന്തോഷവും എല്ലാം. വരും ദിവസങ്ങളില്‍ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തിയറ്ററുകളിലുമെത്തി നിങ്ങളോട് നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്. അവിടെവച്ച് നേരിട്ട് കാണാം. എല്ലാ ടെക്നീഷ്യന്‍സിനും ഒപ്പം അഭിനയിച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി. താങ്ക് യൂ മിഥുന്‍, എന്നില്‍ ഒരു അബ്രഹാം ഓസ്‍ലര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന്. അവസാനമായി മമ്മൂക്കാ, ഉമ്മ. എനിക്കുവേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്.. താങ്ക് യൂ", ജയറാം പറഞ്ഞുനിര്‍ത്തുന്നു.
ALSO READ : 'ഓസ്‍ലറി'ന് തൊട്ടുപിന്നാലെ ജയറാമിന്‍റെ അടുത്ത ചിത്രം നാളെ തിയറ്ററുകളില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം