ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രണ്ട് ഭാവങ്ങളില്‍; വരുന്നത് ജയറാമിന്‍റെ വാരാന്ത്യം
യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലറില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ജയറാം എത്തുന്നത്
മലയാളത്തില്‍ ഇനി അഭിനയിക്കുകയാണെങ്കില്‍ അത് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഗുണം ചെയ്യുന്ന ചിത്രങ്ങളായിരിക്കണമെന്ന് കുറച്ചുനാള്‍ മുന്‍പ് ജയറാം തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഒരു ചിത്രം പോലും അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയില്ല. പക്ഷേ മറ്റ് മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലായി അഞ്ച് ചിത്രങ്ങളാണ് 2023 ല്‍ ജയറാമിന്‍റേതായി പുറത്തെത്തിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ജയറാം നായകനായി ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. അതേ വാരാന്ത്യത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രവുമുണ്ട്!
യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലറില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ജയറാം എത്തുന്നത്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് അദ്ദേഹം എത്തുന്നത്. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷക പ്രതീക്ഷയിലുള്ള ചിത്രമാണിത്. ജനുവരി 11, വ്യാഴാഴ്ചയാണ് ഓസ്‍ലറിന്‍റെ റിലീസ്. അതേസമയം തൊട്ടുപിറ്റേദിവസമായ വെള്ളിയാഴ്ച ജയറാം അഭിനയിച്ച മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ഗുണ്ടൂര്‍ കാരം ആണ് അത്.
സര്‍ക്കാരുവാരി പാട്ടയ്ക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡ് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണിത്. ശ്രീലീല നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബുവും രമ്യ കൃഷ്ണനും പ്രകാശ് രാജുമൊക്കെ എത്തുന്നുണ്ട്. ഒരു പ്രധാന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിന് 12 മണിക്കൂര്‍ കൊണ്ട് ലഭിച്ചത് 19 മില്യണ്‍ കാഴ്ചകളാണ് എന്നതില്‍ നിന്നുതന്നെ ഈ ചിത്രത്തിന്‍റെ ഹൈപ്പ് ഊഹിക്കാവുന്നതേയുള്ളൂ. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രണ്ട് ഭാഷകളില്‍ അഭിനയിച്ച മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയ രണ്ട് ചിത്രങ്ങളുടെ റിലീസ് സംഭവിക്കുക എന്ന അപൂര്‍വ്വതയാണ് ജയറാമിനെ സംബന്ധിച്ച്. ഓസ്‍ലറിലൂടെ ജയറാമിന് ഇടവേളയ്ക്ക് ശേഷം ഒരു ബോക്സ് ഓഫീസ് വിജയം ലഭിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.