'ഫാന്‍ അടക്കം അവരുടെ കൈയില്‍ ഉണ്ടാവും'; താരങ്ങളുടെ എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫി എങ്ങനെ? വിശദീകരിച്ച് ജയറാം
"അവര്‍ എന്‍റെയടുത്തേക്കൊക്കെ വരാറുണ്ട് ലൊക്കേഷനുകളില്‍"
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ കാലത്ത് ഏറ്റവും പോപ്പുലര്‍ ആയ ഉള്ളടക്കങ്ങളില്‍ ഒന്നാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ളത്, വിശേഷിച്ചും താരങ്ങളുമായി ചേര്‍ന്നുള്ളത്. ഒരു കാലത്ത് ഹിന്ദി സിനിമാ താരങ്ങള്‍ മാത്രമാണ് അത്തരത്തില്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ടിരുന്നതെങ്കില്‍ യുട്യൂബിന്‍റെ കാലത്ത് ഏത് ഭാഷാ സിനിമയിലും ആ രീതിയുണ്ട്. ഇപ്പോഴിതാ താരങ്ങളുടെ എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫിയെക്കുറിച്ച് പറയുകയാണ് നടന്‍ ജയറാം. സോഷ്യല്‍ മീഡിയയില്‍ നാം കാഷ്വല്‍ എന്ന് കരുതി കാണുന്ന പല വീഡിയോകള്‍ക്കും പിന്നിലുള്ള പ്ലാനിംഗിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഈ വിഷയം വിശദീകരിക്കുന്നത്.
"ആ പാതിയില്‍ വളരെ പരാജയം ആയ ഒരു നടനാണ് ഞാന്‍. എന്നെ കറക്റ്റ് ആയിട്ട് വില്‍ക്കാനോ എന്നെ മാര്‍ക്കറ്റ് ചെയ്യാനോ പിആര്‍ഒ വര്‍ക്കുകള്‍ ചെയ്യാനോ... ഈ കാലഘട്ടത്തില്‍ അതും കൂടി വേണം. ഒരിക്കലും അതൊരു കുറവല്ല. അത് ഭയങ്കര പ്ലസ് പോയിന്‍റ് ആണ്. അതില്‍ ഞാന്‍ വളരെ വീക്ക് ആണ്", ജയറാം പറഞ്ഞുതുടങ്ങുന്നു.
"നമ്മുടെ ഇവിടെ എത്രത്തോളമുണ്ട് എന്ന് അറിയില്ല. മറ്റ് ഭാഷകളില്‍, ഉദാഹരണത്തിന് ഹൈദരാബാദിലൊക്കെ പോവുമ്പോള്‍ എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫി എന്ന് പറഞ്ഞ ഒന്നുണ്ട്. അവര്‍ എന്‍റെയടുത്തേക്കൊക്കെ വരാറുണ്ട് ലൊക്കേഷനുകളില്‍. സര്‍, മദ്രാസിലേക്ക് എപ്പോഴാണ് തിരിച്ച് പോകുന്നത്, ഞങ്ങള്‍ ഒന്ന് അറേഞ്ച് ചെയ്യട്ടെ എന്നൊക്കെ ചോദിച്ച്. പല ടൈപ്പ് ഡ്രസ് ഒക്കെയുണ്ടാവും. സ്ക്രിപ്റ്റ് അവര്‍ ഇങ്ങോട്ട് തരും. അവര്‍ തന്നെ സെക്യൂരിറ്റി ഒക്കെ അറേഞ്ച് ചെയ്ത് വച്ചിട്ടുണ്ടാവും. അതിനിടയിലൂടെ കാറിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങുന്നത് തൊട്ടുള്ള നമ്മുടെ വീഡിയോ അവര്‍ തന്നെ മ്യൂസിക് ഒക്കെ ഇട്ട് കൊടുത്തോളും. ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ജയറാം വന്നിറങ്ങിയപ്പോള്‍ എന്ന ക്യാപ്ഷന്‍ ഒക്കെയായി. ഫാനൊക്കെയുണ്ടാവും അവരുടെ കൈയില്‍. മുടിയൊക്കെ പറന്നിട്ട് എനിക്ക് വേണേല്‍ നടക്കാം. അല്ലെങ്കില്‍ വേറൊരു ടൈപ്പ് ഉണ്ട്. ക്യാപ്പും മാസ്കുമൊക്കെ വച്ച് ആള്‍ക്കൂട്ടത്തിലൂടെ രഹസ്യമായി ഞാന്‍ നടന്നുപോകുമ്പോള്‍ ക്യാമറയുമായി ഇവര്‍ പിറകിലൂടെ വന്ന് കണ്ടുപിടിക്കും. അങ്ങനെ പല ടൈപ്പില്‍ അവര്‍ ചെയ്ത് തരും. അവര്‍ ചോദിക്കുമ്പോള്‍ വേറെ ആരോടെങ്കിലും ചോദിക്കാന്‍ ഞാന്‍ പറയും. അതൊക്കെ ചെയ്യേണ്ടതാണ് ശരിക്കും. അതില്‍ പരാജയമാണ് ഞാന്‍. അത് എന്‍റെ പോരായ്മ തന്നെയാണ്. എനിക്ക് അതിനോടൊന്നും വലിയ താല്‍പര്യം തോന്നാറില്ല", ജയറാം പറഞ്ഞവസാനിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം