'ഒരുപാട് ആഗ്രഹിച്ച വേഷം'; 'ആഴ്വാര്‍ക്കടിയന്‍ നമ്പി'യെക്കുറിച്ച് ജയറാം
കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്
ഇന്ത്യയിലെ ഏതൊരു അഭിനേതാവിനെയും മോഹിപ്പിക്കുന്ന ഒന്നാണ് മണി രത്നം (Mani Ratnam) ചിത്രത്തിലെ ഒരു കഥാപാത്രം. രണ്ട് ഭാഗങ്ങളിലായി എത്തുന്ന അദ്ദേഹത്തിന്‍റെ സ്വപ്‍ന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ (Ponniyin Selvan) താരസമ്പന്നവുമാണ്. മലയാളത്തില്‍ നിന്ന് നിരവധി പേര്‍ പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നുണ്ട്. റഹ്‍മാനും ഐശ്വര്യ ലക്ഷ്‍മിക്കും ലാലിനും റിയാസ് ഖാനുമൊപ്പം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈ അവസരം തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് ജയറാം (Jayaram).
മണി രത്നത്തിനും ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ രവി വര്‍മ്മനും ഒപ്പമുള്ള ചിത്രമാണ് ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സിനിമയിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് ഈ ഫോട്ടോയില്‍ ജയറാം. ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. തിരുമലൈയപ്പന്‍ എന്നും ഈ കഥാപാത്രത്തിന് പേരുണ്ട്. ഉത്തമ ചോളന്‍റെ അമ്മയും ഗണ്ഡരാദിത്യയുടെ ഭാര്യയുമായ സെംബ്രിയാന്‍ മഹാദേവിയുടെയും പ്രധാനമന്ത്രിയുടെയും ചാരനാണ് ജയറാം കഥാപാത്രം. "രവിവര്‍മ്മൻ, മണിരത്നം... വാക്കുകൾക്ക് അതീതമായ പ്രതിഭകൾ.. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന പൊന്നിയിൻ ശെല്‍വന്‍... ഒരുപാട് ആഗ്രഹിച്ച വേഷം.. ആൾവാർക്ക്അടിയൻ നമ്പി", സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ജയറാം കുറിച്ചു. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിലും ഈ ജയറാം കഥാപാത്രം ഉണ്ടായിരുന്നു.
കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.
ALSO READ : ഇതാ പൊന്നിയിന്‍ സെല്‍വനിലെ നായകന്‍; രാജരാജ ചോളനായി ജയം രവി