Ponniyin Selvan : ഇതാ പൊന്നിയിന്‍ സെല്‍വനിലെ നായകന്‍; രാജരാജ ചോളനായി ജയം രവി
ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ആറിന് ചെന്നൈയില്‍
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ താരനിരയുമായിട്ടാണ് മണി രത്നത്തിന്‍റെ (Mani Ratnam) സ്വപ്‍ന പദ്ധതിയായ പൊന്നിയിന്‍ സെല്‍വന്‍ (Ponniyin Selvan) വരുന്നത്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‍മാന്‍, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി എന്നിങ്ങനെ നീളുന്ന താരനിരയില്‍ പക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകന്‍റെ പോസ്റ്ററും അവര്‍ അവതരിപ്പിച്ചിരിക്കുകയാണ്.
അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനാണ് ചിത്രത്തില്‍ ജയം രവിയുടെ കഥാപാത്രം. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കുന്നതിന് മുന്നോടിയായാണ് ചിത്രത്തിലെ നായകനെ അണിയറക്കാര്‍ ക്യാരക്റ്റര്‍ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.
ALSO READ : ഒടിടിയിൽ കറങ്ങി മലയാള സിനിമ: 2022 ആദ്യ പകുതിയിൽ ഹിറ്റ് സിനിമകൾ ആറെണ്ണം മാത്രം