സ്ക്രീന്‍ പ്രസന്‍സിലെ രജനി സ്റ്റൈല്‍; 'ജയിലര്‍' ഫസ്റ്റ് ഗിംപ്‍സ്

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

jailer tamil movie first glimpse rajinikanth nelson dilipkumar

രജനീകാന്തിനോളം സ്ക്രീന്‍ പ്രസന്‍സ് അനുഭവിപ്പിച്ചിട്ടുള്ള സൂപ്പര്‍താരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപൂര്‍വ്വമാണ്. പ്രായം എത്ര പിന്നിട്ടാലും ഇപ്പോഴും അദ്ദേഹം ഊര്‍ജ്ജസ്വലമായ ആ സാന്നിധ്യം അറിയിക്കാറുമുണ്ട്. ഏറ്റവും പുതിയ ചിത്രം ജയിലറിലും രജനിയെ അതേ പ്രതാപത്തോടെ കാണാനാവുമെന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട ഗ്ലിംപ്സ് സൂചിപ്പിക്കുന്നത്. 13 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ALSO READ : വേറിട്ട വഴിയിലൂടെ ഈ ചെറുകാര്‍; '1744 വൈറ്റ് ആള്‍ട്ടോ' റിവ്യൂ

അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. പക്ഷേ കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ ആയിരുന്നു. അതേസമയം പിന്നാലെ വലിയ പ്രതീക്ഷയുമായെത്തിയ, വിജയ് നായകനായെത്തിയ ബീസ്റ്റ് പരാജയപ്പെടുകയും ചെയ്‍തിരുന്നു. അടുത്ത ചിത്രത്തിലൂടെ വിജയത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക.

Latest Videos
Follow Us:
Download App:
  • android
  • ios