ജയിലര്‍ നാളെ റിലീസ് ; രജനികാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു. ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസുകളില്‍ തരംഗമായി മാറി.
ചെന്നൈ: നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' നാളെ റിലീസ് ആകുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ് സിനിമ ലോകത്തിന്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു. ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസുകളില്‍ തരംഗമായി മാറി. രജനി ഫാന്‍സിന് ആഘോഷമായിരുന്നു രണ്ടാം ഗാനമായ 'ഹുക്കും'. അതിനാല്‍ തന്നെ ബീസ്റ്റ് ഉണ്ടാക്കിയ നെഗറ്റിവ് ഫീല്‍ ഉണ്ടായിട്ടും ജയിലര്‍ എന്ന ചിത്രത്തില്‍ നെല്‍സണില്‍ പൂര്‍ണ്ണ വിശ്വാസത്തിലാണ് രജനി ഫാന്‍സ്.
മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനായകനും ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിലുണ്ട്.
എന്നാല്‍ പതിവ് പോലെ തന്‍റെ ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്നാട് വിട്ട് ഹിമാലയത്തിലേക്ക് പോവുക എന്ന പതിവ് വിട്ടില്ല ഇത്തവണയും രജനികാന്ത്. മുന്‍പ് അണ്ണാത്തെ റിലീസ് സമയത്ത് കൊവിഡ് ഭീഷണി കാരണം ഹിമാലയത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല രജനിക്ക്. അതിനാല്‍ ഇത്തവണ ഒരു ആഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ട് ബുധനാഴ്ച രാവിലെ ചെന്നൈയില്‍ നിന്നും രജനി പുറപ്പെട്ടു. ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത്.
ഹിമാലയത്തിലേക്ക് യാത്ര തിരിക്കും മുന്‍പ് ചെന്നൈയിലെ വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷയെന്താണ് എന്ന ചോദ്യത്തിന്. നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി മറുപടി നല്‍കിയത്. എന്നാല്‍ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താര പദവി സംബന്ധിച്ച് രജനി നടത്തിയ പരാമര്‍ശത്തില്‍ ഉയര്‍ന്ന വിവാദം സംബന്ധിച്ച് ചോദ്യത്തിന് രജനി പ്രതികരിച്ചില്ല.
കേരളത്തില്‍ 300 തീയറ്ററുകള്‍ വമ്പൻ റിലീസിനൊരുങ്ങി 'ജയിലർ' ; അഡ്വാൻസ് ബുക്കിങ്ങ് ഹിറ്റ്.!