വീണ്ടും പറ്റിക്കപ്പെടുമോ അജിത്ത് ആരാധകര്‍?: വാര്‍ത്ത സത്യമെങ്കില്‍ വല്ലാത്ത ചതിയാകും!
അജിത്തിന്റെ വിഡാമുയാർച്ചി പൊങ്കലിന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലാണ്.
ചെന്നൈ: നടൻ അജിത്തിന്‍റെ അറുപത്തിരണ്ടാമത് ചിത്രമായ വിഡാമുയാർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഈ ചിത്രത്തിൽ നടി തൃഷയാണ് അജിത്തിന്‍റെ നായികയായി എത്തുന്നത്. കൂടാതെ, ആരവ്, അർജുൻ സര്‍ജ, റെജീന കസാൻഡ്ര എന്നിവരും വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും അസർബൈജാനിലായിരുന്നു ചിത്രീകരിച്ചത്.
ചിത്രം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച വിഡാമുയാർച്ചി ടീം, ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ സ്ഥിരമായി പുറത്തുവിട്ടുവരുകയാണ്. അടുത്തിടെ, അനിരുദ്ധ് സംഗീതം നൽകി ആന്‍റണി ദാസൻ ആലപിച്ച സാവതിക എന്ന ഗാനം അവർ പുറത്തിറക്കിയത്. ഗാനം എങ്ങും തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതിനിടെ, നടൻ അജിത്ത് അടുത്തിടെ ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കിയതിന് പിന്നാലെ പശ്ചാത്തല സംഗീത ജോലികൾ പുരോഗമിക്കുകയാണ് എന്ന വാര്‍ത്ത വന്നത്. എന്നാല്‍ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് വിഡാമുയാർച്ചി ടീം പ്രഖ്യാപിച്ചെങ്കിലും അത് പാലിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ചിത്രത്തിന്‍റെ ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് സൂചന. പൊങ്കൽ റിലീസായിരുന്നു ചിത്രമെങ്കിൽ കഴിഞ്ഞയാഴ്ച തന്നെ സെൻസർ സർട്ടിഫിക്കേഷനായി ചിത്രം അയയ്ക്കേണ്ടതായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി ഇതുവരെ തയ്യാറാകാത്തതിനാൽ, രണ്ട് കൊല്ലത്തിന് ശേഷം എത്തുന്ന അജിത്ത് ചിത്രം ഇത്തവണ പൊങ്കൽ റിലീസിന് എത്തുമോ എന്ന കാര്യത്തിൽ തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ബിസ്മി സംശയം പ്രകടിപ്പിച്ചു.
കൂടാതെ, ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നും ഇത് സിനിമയുടെ റിലീസ് വൈകാനുള്ള മറ്റൊരു കാരണമായിരിക്കാമെന്നും ബിസ്മി പറയുന്നു. ഇതിനോട് അനുബന്ധിച്ച്, ഇന്നലെ ലൈക്ക പ്രൊഡക്ഷൻസ് പുറത്തിറക്കിയ വിഡാമുയാർച്ചിയുടെ ഗാനത്തിന്‍റെ വീഡിയോ ക്ലിപ്പിൽ ചിത്രം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് എവിടെയും പറയുന്നില്ല. ഇത് പൊങ്കൽ റിലീസിൽ നിന്ന് വിഡാമുയാർച്ചിയെ പിൻവലിച്ചോ എന്ന അഭ്യൂഹത്തിന് കാരണമായിരിക്കുകയാണ്.
പൊങ്കൽ റിലീസ് എന്ന ഇടത്തില്‍ നിന്നും അജിത്ത് ചിത്രം പിന്‍മാറിയാല്‍ സംവിധായകന്‍ ബാലയുടെ വണങ്കാന് ഇത് കാര്യമായ നേട്ടമാകും. കാരണം പൊങ്കൽ കാലത്ത് വിഡാമുയാർച്ചിയുമായി മത്സരിക്കാൻ ഒരുങ്ങുന്ന ഒരേയൊരു നേരിട്ടുള്ള തമിഴ് ചിത്രം വണങ്കാൻ ആണ്. കൂടാതെ, രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറും 2025 പൊങ്കൽ റേസിൽ റിലീസിന് തയ്യാറെടുക്കുകയാണ്.
സൊനാക്ഷിയുടെയും ഭര്‍ത്താവിന്‍റെയും ബെഡ്ഡിന് അരികെ സിംഹം; വീഡിയോ വൈറല്‍
'അവള്‍ എന്‍റെ മകളെപ്പോലെ, അടിക്കുമോ': മമിതയെ തല്ലിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ബാല