ഡബിള്‍ റോളില്‍ ഞെട്ടിച്ച ജോജു; 'ഇരട്ട' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജുവിന്‍റെ കരിയറിലെ ആദ്യ ഇരട്ട വേഷം

iratta ott release date announced joju george netflix martin prakkat nsn

മലയാളത്തിന്‍റെ സ്ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോര്‍ജിലെ പെര്‍ഫോമറിന്‍റെ ഗതി മാറ്റിവിട്ടത് എം പത്മകുമാര്‍ ചിത്രം ജോസഫിലെ ടൈറ്റില്‍ കഥാപാത്രമാണ്. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ജോജു അമ്പരപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സമീപകാല കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് അടുത്തിടെ തിയറ്ററുകളില്‍ എത്തിയിരുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ സംവിധാനം ചെയ്ത ഇരട്ട ആണ് ആ ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫെബ്രുവരി 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ്. വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 3) ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജോജു ജോർജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികൾ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്‌, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്  ഒബ്സ്ക്യൂറ, പിആര്‍ഒ പ്രതീഷ് ശേഖർ.

ALSO READ : '15 മിനിറ്റിനുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി'; ആരോപണവുമായി വിജയ് ബാബു

Latest Videos
Follow Us:
Download App:
  • android
  • ios