നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ഹിറ്റിലേക്ക് 'ഇരട്ട'; 12 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍
മിന്നല്‍ മുരളിക്ക് ശേഷം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കുന്ന മലയാള ചിത്രം
ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് പ്രാദേശിയ ഭാഷാ സിനിമകള്‍ക്ക് വലിയൊരു മാര്‍ക്കറ്റ് ആണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഒടിടിയില്‍ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. ഒടിടിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്തര്‍ദേശീയ തലത്തില്‍ അത്തരത്തില്‍ ആസ്വാദനപ്രീതി നേടിയ ചിത്രങ്ങള്‍ കുറവാണ്. ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി. നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തര്‍ദേശീയ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നല്‍ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കില്‍ ഇരട്ട ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസ് ആണ്. ഫെബ്രുവരി 3 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തിക വിജയം നേടിയില്ല. എന്നാല്‍ ഒടിടി റിലീസില്‍ അര്‍ഹിച്ച അംഗീകാരം സ്വന്തമാക്കുകയാണ് ഈ ചിത്രം. മാര്‍ച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ (ഇംഗ്ലീഷ്-ഇതര) നിലവില്‍ പത്താം സ്ഥാനത്താണ്. ഈ വാരം മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്.
12 രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബഹ്റിന്‍, ബംഗ്ലാദേശ്, ഇന്ത്യ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലാണ് ചിത്രം ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഇരട്ടയില്‍ എത്തുന്നത്. ജോജുവിന്‍റെ ആദ്യ ഡബിള്‍ റോളും ആണിത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജോജു ജോർജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : സിസിഎല്‍ പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെ കേരള സ്ട്രേക്കേഴ്സ്; എട്ട് ടീമുകളില്‍ എട്ടാമത്