'അതുകേട്ട് ഞാൻ തരിച്ചുപോയി', നടക്കാതെ പോയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി മമ്മൂട്ടി- വീഡിയോ

നടക്കാതെ പോയ ആ സിനിമയെ കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തുന്നു- വീഡിയോ.

Interview with Mammootty actor says about Rituparno ghoshs film

മമ്മൂട്ടിയുടെ 'നൻപകല്‍ നേരത്ത് മയക്കം' തിയറ്ററുകളിലേക്ക് എത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നുവെന്നതിനാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗതത്തില്‍ പ്രീമിയര്‍ ചെയ്‍ത ചിത്രത്തിന് വൻ വരവേല്‍പും ലഭിച്ചിരുന്നു. ഋതുപര്‍ണ ഘോഷ് മുമ്പ് പറഞ്ഞ ഒരു കഥയെ ഓര്‍പ്പെടുത്തിയതിനാലാണ് 'നൻപകല്‍ നേരത്ത് മയക്കം' ചെയ്യാൻ പെട്ടെന്ന് തീരുമാനിച്ചതെന്ന് മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഖസാഖിന്റെ ഇതിഹാസം ലിജോയുടെ സംവിധാനത്തില്‍ സിനിമയാക്കാൻ ആലോചിച്ചിരുന്നില്ലേ എന്ന് അഭിമുഖകാരി ചോദിച്ചപ്പോള്‍ അങ്ങനെ സംസാരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് അത് നിന്നുപോയെന്നും മമ്മൂട്ടി പറഞ്ഞു. 'നൻപകല്‍ നേരത്ത് മയക്കം' ചെയ്യാൻ തീരുമാനിച്ചത് എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ചും പിന്നീട് മമ്മൂട്ടി മനസ് തുറന്നു. ഇങ്ങനെയൊരു ആശയം ലിജോ പറഞ്ഞപ്പോള്‍ വളരെ ചലഞ്ചിംഗ് ആയി തോന്നി. ഋതുപര്‍ണ ഘോഷ് ഇതുപോലൊരു വിഷയം പണ്ട് എന്നോട് പറഞ്ഞിരുന്നു. ഇതല്ല. ഇതേ കഥയല്ല. അത് നിഴല്‍ നഷ്‍ടപ്പെട്ട് പോയൊരാളുടെ കഥയാണ്. അയാള്‍ നിഴല്‍ നാടകക്കാരനാണ്. ഒരു ദിവസം രാവിലെ അയാള്‍ക്ക് അയാളുടെ നിഴല്‍ നഷ്‍ടപ്പെടുന്നു. ഞാനങ്ങട് തരിച്ചുപോയി. പക്ഷേ അത് ചെയ്യാൻ സാധിച്ചില്ല. അദ്ദേഹം മരിച്ചുപോയി. അങ്ങനെയുള്ള ചില കാര്യങ്ങളോട് ഒത്തുപോന്ന ചില സംഭവങ്ങള്‍ വരുന്നതുകൊണ്ട് നമുക്ക് ഇത് ഇറങ്ങാം എന്ന് തീരുമാനിച്ചതാണ്. അങ്ങനെ ലിജോയും ഹരീഷും സംസാരിച്ചു. കഥ ലിജോയുടേതാണ്. തിരക്കഥയും സംഭാഷണവുമൊക്കെ ഹരീഷിന്റേതാണ്. ഹരീഷ് കോട്ടയംകാരനാണ്. കോട്ടയം ഭാഷയും മറ്റും എനിക്ക് വളരെ ഇഷ്‍ടമുള്ളതാണ്. ഹരീഷിന്റെ ഒരു കോട്ടയം കഥ എനിക്ക് അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഹരീഷ് കഥ തന്നില്ല. സിനിമ കാണുന്നവരുടേതാണ് എന്നും വിശദീകരിച്ചിട്ട് കാര്യമില്ലെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ വിസ്‍മയിപ്പിക്കുന്ന പ്രകടനം കാണാൻ ഐഎഫ്എഫ്കെയിലേതു പോലെ തിയറ്ററുകളില്‍ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ മോഹൻലാലാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.  'മലൈക്കോട്ടൈ വാലിബൻ' എന്ന് പേരിട്ട ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്.

Read More: 'ജയിലറി'ലേക്ക് തെലുങ്കില്‍ നിന്നും വമ്പൻ താരം, റിലീസിനായി കാത്ത് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios