ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; 'ലോര്‍ഡ് ഓഫ് ദി ആന്‍റ്സ്' ആദ്യ ചിത്രം, ഉദ്ഘാടന ചിത്രം 'ടോറി ആന്‍റ് ലോകിത'

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.

international film festival of kerala start today

തിരുവനന്തപുരം: തലസ്ഥാനം ഇന്ന് മുതല്‍ സിനിമാലഹരിയിൽ. 27-ാമത് ഐ.എഫ്.എഫ്.കെയ്ക്ക്  ഇന്ന് തുടക്കമാകും. ചലച്ചിത്ര മേള വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. 

ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. മികച്ച ഉപകരണസംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം 15ാം വയസ്സില്‍ തന്നെ നേടിയ പുര്‍ബയന്‍ ചാറ്റര്‍ജി ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ലോകത്തെ വിവിധ സംഗീതധാരകളുമായി സമന്വയിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ സിതാര്‍ കച്ചേരി നടത്തിയിട്ടുണ്ട്. 

സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്‍റ്  ലോകിത പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്‍റെ  ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75-ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്. 

തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും. 

ജര്‍മ്മന്‍ സംവിധായകന്‍ വീറ്റ് ഹെല്‍മര്‍ ചെയര്‍മാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.ജര്‍മ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്‌ഹോണ്‍ ചെയര്‍പേഴ്‌സണ്‍ ആയ ജൂറി ഫിപ്രസ്‌കി അവാര്‍ഡുകളും ഇന്ദു ശ്രീകെന്ത് ചെയര്‍പേഴ്‌സണ്‍ ആയ ജൂറി  നെറ്റ്പാക് അവാര്‍ഡുകളും എന്‍. മനു ചക്രവര്‍ത്തി ചെയര്‍മാന്‍ ആയ ജൂറി എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും നിര്‍ണയിക്കും. 

Read More : 'നൻപകൽ നേരത്ത് മയക്കം' പ്രീമിയർ ഐഎഫ്എഫ്കെയിൽ; തീയതി പുറത്തുവിട്ട് മമ്മൂട്ടി

Latest Videos
Follow Us:
Download App:
  • android
  • ios