'കാന്‍സറിനെതിരെ സ്വയം മരുന്നായ ഇന്നസെന്‍റ്': കേരളത്തിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ഇന്നസെന്‍റിന്‍റെ അനുഭവം
തന്‍റെ കാന്‍സര്‍ അനുഭവങ്ങള്‍ മുഴുവന്‍ ഒരു പുസ്തകമാക്കി മലയാളിക്ക് തന്നിട്ടുണ്ട് ഇന്നസെന്‍റ്. അതിലുമുണ്ട് ചിരി, കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നാണ് പുസ്തകത്തിന്‍റെ പേര്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം 20 ഓളം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.
കൊച്ചി: മലയാള സിനിമയിലെ ഒരു അഭിനയ യുഗം അവസാനിപ്പിച്ചാണ് ഇന്നസെന്‍റ് മടങ്ങുന്നത്. നടന്‍ എന്ന നിലയില്‍ ചെറിയ വേഷങ്ങളില്‍ നിന്നും ഒരിക്കലും മലയാളി മറക്കാത്ത വേഷങ്ങളിലേക്കുള്ള പതിറ്റാണ്ടുകളുടെ അദ്ദേഹത്തിന്‍റെ യാത്ര കേരളത്തിന് സുപരിചിതമായിരുന്നു. വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് പലപ്പോഴും ഇന്നസെന്‍റിന്‍റെ കഥാപാത്രങ്ങളും, അദ്ദേഹത്തിന്‍റെ പൊതുവേദിയിലെ സംസാരങ്ങളും എല്ലാം. അതിനാല്‍ തന്നെ ഇന്നസെന്‍റ് അര്‍ബുദ ബാധിതനാണ് എന്ന് അറിഞ്ഞപ്പോള്‍ മലയാളിക്ക് അത് സ്വന്തം വീട്ടിലെ ഒരു അംഗം രോഗബാധിതനായ പോലെയായിരുന്നു. എന്നാല്‍ ചിരി ആയുസ് കൂട്ടും എന്ന പഴയ വിശ്വാസം സത്യമാകും പോലെ അര്‍ബുദത്തെ പൊരുതി തോല്‍പ്പിച്ച് മലയാളിയെ ചിരിപ്പിച്ച ഇന്നസെന്‍റ് ശക്തമായി തന്നെ രണ്ട് വട്ടം തിരിച്ചുവന്നു.
തന്‍റെ കാന്‍സര്‍ അനുഭവങ്ങള്‍ മുഴുവന്‍ ഒരു പുസ്തകമാക്കി മലയാളിക്ക് തന്നിട്ടുണ്ട് ഇന്നസെന്‍റ്. അതിലുമുണ്ട് ചിരി, കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നാണ് പുസ്തകത്തിന്‍റെ പേര്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം 20 ഓളം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. അടുത്തിടെ പല കാന്‍സര്‍ ചികില്‍സ കേന്ദ്രങ്ങളിലും സന്ദര്‍ശക റൂമിലെ റീഡിംഗ് റാക്കുകളില്‍ ഈ പുസ്തകം കാണാറുണ്ട്. അത് തന്നെയാണ് ഇന്നസെന്‍റ് തന്‍റെ ജീവിതത്തിലെ മോശം സമയത്തെ മനോഹരമായി അവതരിപ്പിക്കുന്ന ഈ പുസ്തകം നല്‍കുന്ന പൊസറ്റിവിറ്റിയും.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത്, ആശുപത്രികളില്‍ തൊണ്ടക്കുഴിയിലെ കാന്‍സറിനോട് ഇന്നസെന്‍റ് നടത്തുന്ന പോരാട്ടത്തെ വെറും ഒരു ചിരിയില്‍ മാത്രം ഒതുക്കുന്നില്ല ജീവിത അവസ്ഥകളും, മനുഷിക പ്രതിസന്ധികളും എല്ലാം തന്നെ അനുഭവമായി പേറുന്നുണ്ട് ഈ പുസ്തകം.
ഇന്നസെന്‍റ് അടക്കം ഒരുപാട് കാന്‍സര്‍ രോഗികളെ പുതു ജീവിതത്തിലേക്ക് നയിച്ച ഡോ. ഗംഗാധരന്‍ പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നത് പോലെ, കാന്‍സറിനുള്ള ഒരു മരുന്നായി ഇന്നസെന്‍റ് സ്വയം മാറുന്ന എന്ന അനുഭവം ചിലപ്പോള്‍ ആ അവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് ഈ ബുക്ക് സമ്മാനിച്ചേക്കാം. പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പല കാന്‍സര്‍ അതിജീവന കഥകളിലും ഇന്നസെന്‍റിന്‍റെ ഈ അനുഭവ പുസ്തകം ഇടം പിടിച്ചതും ഈ അനുഭവത്തില്‍ തന്നെയായിരിക്കും.
അഞ്ചാം ക്ലാസിലെ മലയാള പാഠവലിയില്‍ ഇന്നസെന്‍റിന്‍റെ ഈ പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് പാഠഭാഗമാണ്. കാന്‍സര്‍ ബാധിതനായ താന്‍ എന്തുകൊണ്ട് ചിരിയെ അതിനെ നേരിടാനുള്ള വഴിയായി തിരഞ്ഞെടുത്തുവെന്ന് ഇന്നസെന്‍റ് പുസ്തകത്തില്‍ പറയുന്ന ഭാഗങ്ങളാണ് ഏത് പ്രതിസന്ധിയിലും ചങ്കൂറ്റത്തോടെ അതിനെ നേരിടാനുള്ള ഒരു സന്ദേശമായി നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്.
എംപി ആകുന്നതിനു മുൻപ് അസുഖബാധിതനായിരിക്കുമ്പോൾ ഇന്നസെന്റ് എഴുതിയ അനുഭവക്കുറിപ്പാണ് കാൻസർ വാർഡിലെ ചിരിയില്‍ ഇന്നസെന്‍റ് അവതരിപ്പിക്കുന്നത്. സിനിമ ലോകവും ഏകാന്തതയും എല്ലാം കടന്നുവരുന്നു. എങ്കിലും പ്രതീക്ഷയാണ് ആ പുസ്തകം നല്‍കുന്ന ആകെ തുക. ഇന്നസെന്‍റ് വിടവാങ്ങുമ്പോള്‍ മലയാളിക്ക് നല്‍കിയ മറക്കാന്‍ കഴിയാത്ത ചലച്ചിത്ര കഥാപാത്രങ്ങള്‍ക്കൊപ്പം, ഒരു സ്വാന്തനമായും, ഊര്‍ജ്ജമായും ഈ പുസ്തകവും ഉണ്ടാകും.
വിങ്ങിപ്പൊട്ടി ജയറാം; ഇന്നസെന്‍റിനെ അവസാനമായി കണ്ട് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്
ന്നസെന്‍റിന്‍റെ വിയോഗം: കണ്ണീരോടെ മലയാള സിനിമ ലോകം