രണ്ട് ദിവസത്തില്‍ ഒരു കോടി സ്ട്രീമിംഗ് മിനിറ്റുകള്‍! ഒടിടിയില്‍ മികച്ച പ്രതികരണവുമായി 'ഇനി ഉത്തരം'
മിസ്റ്ററി ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രം
ഒടിടി റിലീസില്‍ മികച്ച പ്രതികരണം നേടി അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇനി ഉത്തരം. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 23 ന് ആണ് പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രം ആദ്യ രണ്ട് ദിവസത്തില്‍ നേടിയ സ്ട്രീമിംഗ് മിനിറ്റ്സ് എത്രയെന്ന കണക്ക് അവതരിപ്പിച്ചിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം. ആദ്യ 48 മണിക്കൂറുകളില്‍ 10 മില്യണ്‍ (ഒരു കോടി) സ്ട്രീമിംഗ് മിനിറ്റുകള്‍ ആണ് ചിത്രം സീ 5 പ്ലാറ്റ്ഫോമില്‍ നേടിയിരിക്കുന്നത്.
മിസ്റ്ററി ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന രഞ്ജിത്ത് ഉണ്ണിയാണ്. എ ആൻഡ് വി എന്റർടെയ്ന്‍മെന്‍റ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അപർണ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധിഖ്, ജാഫർ ഇടുക്കി, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റിംഗ് ജിതിൻ ഡി കെ.
ഒക്ടോബര് 7 ന് തിയറ്ററുകളിലെത്തിയ ചിത്രം നിലവില് സീ 5 ലൂടെ 190 ല് അധികം രാജ്യങ്ങളിലിരുന്ന് കാണാനാവും. അപർണ ബാലമുരളി അവതരിപ്പിക്കുന്ന ഡോ. ജാനകി എന്ന കഥാപാത്രം ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തി ഷാജോൺ അവതരിപ്പിക്കുന്ന സി ഐ കരുണനോട് താൻ ഒരു കൊലപാതകം ചെയ്തു എന്ന് ഏറ്റു പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഐ എം ബി ഡിയില് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ് 8.5 ആണ്.