ബി​ഗ് സ്ക്രീനില്‍ ഇന്ത്യ എന്ന വികാരം; തിയറ്ററുകളില്‍ സല്യൂട്ട് അടിപ്പിച്ച 10 സിനിമകള്‍

രാജ്യം 76-ാം സ്വാതന്ത്രദിനം ആഘോഷിക്കാനിരിക്കെ ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ 10 ദേശസ്നേഹ സിനിമകള്‍

independence day 2023 patriotic indian movies to watch keerthi chakra mohanlal chak de india shah rukh khan nsn

ദേശസ്നേഹം എന്നത് സിനിമയുടെ എക്കാലത്തെയും പ്രിയ വിഷയങ്ങളില്‍ ഒന്നാണ്. ലോകത്തെ ഏത് ഭാഷാ സിനിമകളുടെ കാര്യമെടുത്താലും അത് അങ്ങനെതന്നെ. ഇന്ത്യന്‍ സിനിമയുടെയും തുടക്കകാലം മുതല്‍ അത്തരം സിനിമകള്‍ വന്നിട്ടുണ്ട്. അവയില്‍ പലതും ജനപ്രീതിയുടെ ഉയരങ്ങള്‍ കീഴടക്കിയിട്ടുമുണ്ട്. രാജ്യം 76-ാം സ്വാതന്ത്രദിനം ആഘോഷിക്കാനിരിക്കെ ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള 10 സിനിമകള്‍ ഒരിക്കല്‍ക്കൂടി കാണാം.

ചക് ദേ ഇന്ത്യ

ഹോക്കി പ്രമേയമായ സിനിമയാണ് 'ചക് ദേ ഇന്ത്യ'.  ഷിമിത് അമീൻ സംവിധാനം ചെയ്‍ത് 2007ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഇന്ത്യൻ  സ്പോര്‍ട്‍സ് ഡ്രാമ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഒന്നാണ്. ഷാരൂഖ് ഖാനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ 'കബീർ ഖാനെ' അവതരിപ്പിച്ചത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം 'ചക് ദേ ഇന്ത്യ' നേടി.

 

രംഗ് ദേ ബസന്തി

ആമിര്‍ ഖാനും സിദ്ധാര്‍ഥും ഷര്‍മാന്‍ ജോഷിയും അതുല്‍ കുല്‍ക്കര്‍ണിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'രംഗ് ദേ ബസന്തി'.രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ 2006ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ളതടക്കം നാല് ദേശീയ പുരസ്‍കാരങ്ങളും ആ വര്‍ഷം ചിത്രം നേടിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് 'രംഗ് ദേ ബസന്തി'.

 

കീര്‍ത്തിചക്ര

'മേജര്‍ മഹാദേവനാ'യി മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രമാണ് 'കീര്‍ത്തി ചക്ര'. മുൻ പട്ടാള ഉദ്യോഗസ്ഥനായ മേജര്‍ രവിയുടെ ആദ്യ സംവിധാന സംരഭം. ജമ്മു കശ്‍മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. തിയറ്ററുകളില്‍ വൻ വിജയവുമായിരുന്നു 2006ല്‍ പുറത്തിറങ്ങിയ 'കീര്‍ത്തി ചക്ര' എന്ന ചിത്രം.

 

ലഗാന്‍

ദേശിയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് 'ലഗാൻ'. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത്. ആമിര്‍ ഖാൻ നായകനായ ചിത്രം 2001ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. ' ഭുവന്‍ ലത'  എന്ന കഥാപാത്രമായി ആമിര്‍ ഖാൻ എത്തിയ ഹിന്ദി ചിത്രം സംവിധാനം ചെയ്‍തത് അശുതോഷ് ഗൊവാരിക്കര്‍ ആയിരുന്നു.

 

മംഗല്‍ പാണ്ഡേ: ദ് റൈസിംഗ്

ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി കണക്കാക്കപ്പെടുന്ന മംഗല്‍ പാണ്ഡേയുടെ ജീവിതം പ്രമേയമായ സിനിമ. 2005ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ ആമിര്‍ ഖാനായിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. കേതൻ മെഹ്ത സംവിധാനം നിര്‍വഹിച്ചു. ബോക്സ് ഓഫീസിലും ചിത്രം വൻ വിജയം സ്വന്തമാക്കി.

 

ഇന്ത്യന്‍

കമല്‍ഹാസൻ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം 1996ല്‍ ആണ് പുറത്തിറങ്ങിയത്. ഒരു മുൻ സ്വാതന്ത്ര്യസമര സേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എസ് ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മൂന്ന് ദേശീയ പുരസ്‍കാരങ്ങള്‍ ചിത്രം നേടിയിരുന്നു.

 

സ്വദേശ്

നാസയില്‍ ജോലി ചെയ്യുന്ന ശാസ്‍ത്രജ്ഞനായ 'മോഹൻ ഭാര്‍ഗവ്' ആയി ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് 'സ്വദേശ്'. 2004ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.  അശുതോഷ് ഗോവാരിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ബോക്സ് ഓഫീസില്‍ വിജയിക്കാൻ ആയില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചു.

 

ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്

ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ആക്ഷന്‍ ചിത്രം. ജമ്മു കശ്‍മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി അര്‍ദ്ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യൻ കമാൻഡോകള്‍ നടത്തിയ മിന്നലാക്രണം പ്രമേമായമായി വരുന്ന ചിത്രമാണ് ഇത്. വിക്കി കൗശല്‍ ആയിരുന്നു നായകൻ. ബോക്സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിന് ലഭിച്ചു.

 

മദര്‍ ഇന്ത്യ

നര്‍ഗീസ് ദത്ത് നായികയായി 1957ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മദര്‍ ഇന്ത്യ'. 'രാധ സിംഗ്' എന്ന കഥാപാത്രത്തെയാണ് നര്‍ഗീസ് ദത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. മെഹബൂബ് ഖാൻ ആണ് സംവിധായകൻ. കള്‍ട്ട് പദവിയുള്ള ചിത്രമാണ് ഇത്.

 

എ വെനസ്‍ഡേ

നീരജ് പാണ്ഡേയുടെ സംവിധാനത്തില്‍ 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ‍ ഹിന്ദി ത്രില്ലര്‍ ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. അനുപം ഖേറും നസീറുദ്ദീന്‍ ഷായും പ്രധാന കഥാപാത്രങ്ങാളായി എത്തി. . 2009ല്‍ 'ഉന്നൈപ്പോല്‍ ഒരുവന്‍' എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കമല്‍ ഹാസനും മോഹന്‍ലാലുമായിരുന്നു പ്രധാന വേഷങ്ങളില്‍.

ALSO READ : ആര് നേടും? സൈമ അവാര്‍ഡ്‍സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios