ഐ.എഫ്.എഫ്.കെ 2024: ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവായി ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍
29-ാമത് IFFKയിൽ 50 ലോക സിനിമാ പ്രതിഭകൾക്ക് ആദരവ് അർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കും. 'സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എന്ന എക്‌സിബിഷന്‍ സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ആണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിംഗുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. ഡിസംബര്‍ 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശനം ആരംഭിക്കും.
അകിര കുറോസാവ, അലന്‍ റെനെ, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, തര്‍ക്കോവ്‌സ്‌കി, അടൂര്‍, അരവിന്ദന്‍, ആഗ്‌നസ് വാര്‍ദ, മാര്‍ത്ത മെസറോസ്, മീരാനായര്‍ തുടങ്ങി 50 ചലച്ചിത്രപ്രതിഭകള്‍ അണിനിരക്കുന്ന ഈ പ്രദര്‍ശനം ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പകരുന്ന ഈ എക്‌സിബിഷനില്‍ സര്‍റിയലിസത്തിന്റെയും ഹൈപ്പര്‍ റിയലിസത്തിന്റെയും ദൃശ്യസാധ്യതകള്‍ സമര്‍ത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.
സിനിമയെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ക്യുറേറ്റര്‍ ടി.കെ രാജീവ് കുമാര്‍ പറയുന്നു. ചലച്ചിത്രകലയിലെ അവരുടെ പ്രാവീണ്യം മാത്രമല്ല സാമൂഹികപ്രശ്‌നങ്ങളില്‍ അവര്‍ സ്വീകരിച്ച ധാര്‍മ്മിക സമീപനത്തെ കൂടി അടയാളപ്പെടുത്തുന്നതാവും ഈ പ്രദര്‍ശനം. അവര്‍ ചലച്ചിത്രസ്രഷ്ടാക്കള്‍ മാത്രമല്ല, രാഷ്ട്രീയം, ധാര്‍മ്മികത, സാംസ്‌കാരികസ്വത്വം എന്നീ വിഷയങ്ങള്‍ സിനിമകളിലൂടെ അവതരിപ്പിച്ച ദാര്‍ശനികരും സാമൂഹികപ്രവര്‍ത്തകരുമായിരുന്നുവെന്ന് ടി.കെ രാജീവ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ദേശീയപുരസ്‌കാരങ്ങളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയ ടി.കെ രാജീവ് കുമാര്‍ 26 ഫീച്ചര്‍ ഫിലിമുകളും 14 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ, തിയേറ്റര്‍, വിപുലമായ സാംസ്‌കാരികപരിപാടികളുടെ സര്‍ഗാത്മക സംവിധാനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ വ്യാപരിക്കുന്ന അദ്ദേഹം 2003--2006 കാലയളവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്നു.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് ബിരുദവും ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ റാസി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സീനിക് ഡിസൈനില്‍ സ്‌പെഷ്യലൈസേഷനോടെ ഡിപ്‌ളോമയും നേടിയിട്ടുണ്ട്. ദസ്തയേവ്‌സ്‌കിയുടെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത 'വെളുത്ത രാത്രികള്‍' എന്ന സിനിമ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
മേളയുടെ മുഖ്യവേദിയായ ടാഗോറിലെ പ്രദര്‍ശനവേദിയില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
ഐ എഫ് എഫ് കെ : സമകാലിക സിനിമ വിഭാഗത്തിൽ ഹോംഗ് സാങ് സൂവിന്‍റെ നാല് ചിത്രങ്ങൾ
ഐഎഫ്എഫ്കെയില്‍ മധു അമ്പാട്ടിന് ആദരം; റെട്രോസ്‍പെക്റ്റീവില്‍ 'അമരം' ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍