'നന്‍പകല്‍'; ലിജോയോട് അഭ്യര്‍ഥനയുമായി സിനിമാപ്രേമികള്‍

നന്‍പകലിന്‍റെ വേള്‍ഡ് പ്രീമിയര്‍ ആണ് ഐഎഫ്എഫ്കെയില്‍ ഇന്ന് നടന്നത്

iffk 2022 audience asked lijo jose pellissery for more shows of Nanpakal Nerathu Mayakkam mammootty

പ്രേക്ഷക പങ്കാളിത്തം കൊണ്ട് ലോകത്തെ തന്നെ എണ്ണപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നാണ് കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെ. താരപരിവേഷമുള്ള സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ഐഎഫ്എഫ്കെയില്‍ ആവര്‍ത്തിക്കാറുള്ള തിക്കും തിരക്കും പ്രശസ്തവുമാണ്. പലപ്പോഴും വിദേശ സംവിധായകരുടെ ചിത്രങ്ങള്‍ക്കാണ് ഐഎഫ്എഫ്കെയില്‍ അഭൂതപൂര്‍വ്വമായ തിരക്ക് ഉണ്ടാവാറുള്ളതെങ്കില്‍ ഇന്ന് ഒരു മലയാള ചിത്രം കാണാനും പ്രേക്ഷകരുടെ മണിക്കൂറുകള്‍ നീണ്ട ക്യൂ ഉണ്ടായി. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് വലിയ ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ റിസര്‍വ്വ് ചെയ്ത് മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും ചിത്രം കാണാനാവാത്ത നിരാശ പങ്കുവച്ചവരും നിരവധിയായിരുന്നു. പ്രദര്‍ശനം കഴിഞ്ഞതിനു ശേഷം ലിജോയോട് ചില പ്രേക്ഷകര്‍ നേരിട്ട് ഒരു അഭ്യര്‍ഥനയും നടത്തി.

നന്‍പകലിന്‍റെ വേള്‍ഡ് പ്രീമിയര്‍ ആണ് ഐഎഫ്എഫ്കെയില്‍ ഇന്ന് നടന്നത്. പ്രദര്‍ശനം കഴിഞ്ഞതിനു ശേഷം ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് ലിജോ മറുപടി പറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് പ്രേക്ഷകരിലൊരാള്‍ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഈ ചിത്രം ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണെന്നും ചിത്രം കാണാനാവാത്ത ഒരുപാട് പേര്‍ തിയറ്ററിന് പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദയവായി ശ്രമിക്കണമെന്നും. ആവശ്യം ശ്രദ്ധയോടെ കേട്ട ലിജോ തീര്‍ച്ഛയായും അത് പരിഗണിക്കാമെന്നും ഉറപ്പ് നല്‍കി.

ALSO READ : സ്വയം പുതുക്കുന്ന ലിജോ, സൂക്ഷ്‍മാഭിനയത്തിന്‍റെ മമ്മൂട്ടി; 'നന്‍പകല്‍' റിവ്യൂ

iffk 2022 audience asked lijo jose pellissery for more shows of Nanpakal Nerathu Mayakkam mammootty

 

അതേസമയം കൈയടികളോടെയാണ് സിനിമാപ്രേമികള്‍ ചിത്രം സ്വീകരിച്ചത്. ടാഗോര്‍ തിയറ്ററിലായിരുന്നു ചിത്രത്തിന്‍റെ ഇന്നത്തെ പ്രദര്‍ശനം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്‍റേതാണ് ഛായാഗ്രഹണം. 13നും 14നും ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനമുണ്ട്. 13 ന് ഉച്ചയ്ക്ക് 12 ന് ഏരീസ് പ്ലെക്സ് ഓഡി 1 ലും 14 ന് രാവിലെ 9.30 ന് അജന്തയിലുമാണ് മുന്‍കൂട്ടി ചാര്‍ട്ട് ചെയ്തിട്ടുള്ള പ്രദര്‍ശനങ്ങള്‍. പ്രേക്ഷകാഭിപ്രായം മാനിച്ച് പ്രദര്‍ശനങ്ങളുടെ എണ്ണം കൂട്ടാന്‍ അക്കാദമി തയ്യാറാവുമോ എന്ന് വ്യക്തമല്ല. മുന്‍വര്‍ഷങ്ങളില്‍ ചില ചിത്രങ്ങളുടെ പ്രദര്‍ശനം ഇത്തരത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios