'കുറുക്കുവഴിക്കായി ആരും സമീപിക്കേണ്ട'; 10 മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് ഇനി ഒരു ലക്ഷം വാങ്ങുമെന്ന് അനുരാഗ് കശ്യപ്
"പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് ഒരുപാട് സമയം ഞാന്‍ കളഞ്ഞിട്ടുണ്ട്"
മലയാളി സിനിമാപ്രേമികള്‍ക്കും പ്രിയങ്കരനായ ബോളിവുഡ് സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധാനത്തിനൊപ്പം തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും സിനിമയില്‍ സജീവമാണ് അദ്ദേഹം. ബോളിവുഡില്‍ നവഭാവുകത്വത്തിനായി പ്രയത്നിച്ചവരില്‍ പെടുന്ന അനുരാഗ് ഇപ്പോഴിതാ തന്‍റെ മനസ് മടുപ്പിച്ച ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ്. പുതുമുഖങ്ങളെ സഹായിക്കുന്ന ആളെന്ന നിലയില്‍ സിനിമയിലേക്കുള്ള കുറുക്കുവഴികള്‍ക്കായി തന്നെ സമീപിക്കുന്നവരെക്കൊണ്ട് വലഞ്ഞിരിക്കുകയാണെന്ന് പറയുന്നു അദ്ദേഹം. ഇനിമേല്‍ അത്തരം കൂടിക്കാഴ്ചകള്‍ക്ക് തുക ഈടാക്കുമെന്നും പറയുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് അനുരാഗ് കശ്യപിന്‍റെ പ്രതികരണം.
"പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് ഒരുപാട് സമയം ഞാന്‍ കളഞ്ഞിട്ടുണ്ട്. അതില്‍ മിക്കതും അവസാനിക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങളിലുമാവും. അതിനാല്‍ ഇനിയങ്ങോട്ട്, ഗംഭീര പ്രതിഭകളെന്ന് സ്വയം വിചാരിക്കുന്ന ഏതെങ്കിലും ആളുകളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി എന്‍റെ സമയം മെനക്കെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് അതിന് ഞാന്‍ ഇനി മുതല്‍ വിലയിടുകയാണ്. 10- 15 മിനിറ്റ് സമയത്തേക്ക് ആര്‍ക്കെങ്കിലും എന്നെ കാണണമെങ്കില്‍ ഞാന്‍ ഒരു ലക്ഷം രൂപ ചാര്‍ജ് ചെയ്യും. അര മണിക്കൂര്‍ നേരത്തേക്ക് 2 ലക്ഷവും ഇനി ഒരു മണിക്കൂര്‍ ആണെങ്കില്‍ 5 ലക്ഷവും. അതാണ് റേറ്റ്. ആളുകളെ കണ്ട് സമയം പാഴാക്കി ഞാന്‍ കുഴഞ്ഞു. ഈ തുക പറ്റുമെങ്കില്‍ മാത്രം എന്നെ വിളിക്കുക. അല്ലെങ്കില്‍ അകലം പാലിക്കുക. എല്ലാ പെയ്‍മെന്‍റും മുന്‍കൂര്‍ ആയിരിക്കുമെന്നും അറിയിച്ചുകൊള്ളുന്നു. ഞാനിത് വെറുതെ പറയുന്നതല്ല. എനിക്ക് മെസേജ് അയക്കുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യരുത്. ഞാന്‍ ചാരിറ്റി നടത്തുന്ന ആളല്ല. കുറുക്കുവഴികള്‍ക്കായി അന്വേഷിക്കുന്ന ആളുകളെക്കൊണ്ട് ഞാന്‍ മടുത്തിരിക്കുന്നു", അനുരാഗ് കശ്യപ് കുറിച്ചു.
അതേസമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നടനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അനുരാഗ് കശ്യപ്.