'മോഹന്‍ലാല്‍ സാറിന്‍റെ നേര് കാണണമെന്നുണ്ട്, പക്ഷേ'; തെലുങ്ക് താരം തേജ സജ്ജ പറയുന്നു
"മമ്മൂട്ടി സാറിന്‍റെ കണ്ണൂര്‍ സ്ക്വാഡ‍് കാണാനുള്ള അവസരം എനിക്കുണ്ടായി"
മലയാള സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നേര്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയുമായി ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചിത്രത്തെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് യുവതാരം തേജ സജ്ജ. താന്‍ നായകനാവുന്ന പുതിയ ചിത്രം ഹനു മാന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മമ്മൂട്ടി സാറിന്‍റെ കണ്ണൂര്‍ സ്ക്വാഡ‍് കാണാനുള്ള അവസരം എനിക്കുണ്ടായി. മോഹന്‍ലാല്‍ സാറിന്‍റെ നേര് കാണാന്‍ എനിക്ക് ശരിക്കും താല്‍പര്യമുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി ഹനു മാന്‍റെ പ്രൊമോഷന്‍ തിരക്കുകളിലായിരുന്നതിനാലാണ് ചിത്രം കാണാന്‍ സാധിക്കാതിരുന്നത്. എന്തായാലും ഞാന്‍ നേര് കണ്ടിരിക്കും", തേജ സജ്ജ പറഞ്ഞു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയോടുള്ള വര്‍ധിച്ചുവരുന്ന താല്‍പര്യത്തക്കുറിച്ചും അദ്ദേഹം പറഞ്ഞു. "ഇത് എന്‍റെ കാര്യം മാത്രമല്ല, മുഴുവന്‍ തെലുങ്ക് പ്രേക്ഷകരും ഇപ്പോള്‍ മലയാള സിനിമകള്‍ ശ്രദ്ധിക്കുന്നുണ്ട്. തെലുങ്ക് ഡബ്ബിംഗ് കൂടാതെതന്നെ സബ് ടൈറ്റിലുകളോടെ ഞങ്ങള്‍ മലയാളം സിനിമകള്‍ ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്", തേജ സജ്ജ പറയുന്നു.
അതേസമയം സൂപ്പര്‍ഹീറോ ചിത്രമായ ഹനു മാന്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് വര്‍മയാണ്. ജനുവരി 12 ന് പതിനൊന്ന് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ. ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഹനു മാനെന്ന് പ്രശാന്ത് വര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, വെണ്ണെല കിഷോര്‍, സത്യ, ഗെറ്റപ്പ് ശ്രീനു, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് ഹനു മാനില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
ALSO READ : ജീത്തു ജോസഫിന്‍റെ മകള്‍ കാത്തി സംവിധായികയാവുന്നു, ആദ്യ ചിത്രത്തിന്‍റെ റിലീസ് നാളെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം